സംഘടനാതെരഞ്ഞെടുപ്പു വേണമെന്ന് എ, ഐ ഗ്രൂപ്പുകള്‍, ഹൈക്കമാന്‍ഡിനെ നേരിട്ടു കാണും..!! കരുണാകരനെതിരേ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച അതേ തന്ത്രവുമായി ഔദ്യോഗികനേതൃത്വം..
ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് ഹൈക്കമാന്‍ഡിനു മുന്നിലെത്തിക്കാനൊരുങ്ങി ഗ്രൂപ്പ് നേതാക്കള്‍.
കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും മറ്റും ഒഴിവാക്കി, രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ ആലോചിക്കുന്നു.
ഹൈക്കമാന്‍ഡിനെതിരായ നീക്കമെന്ന് ഔദ്യോഗികപക്ഷം പ്രചാരണം ശക്‌തമാക്കിയ സാഹചര്യത്തില്‍ തത്‌കാലം പരസ്യപ്രതിഷേധമോ പ്രസ്‌താവനകളോ വേണ്ടെന്നാണു ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. എന്നാല്‍, ഔദ്യോഗികനേതൃത്വവുമായി നിസ്സഹകരണം തുടരും. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച്, ഗ്രൂപ്പ് രഹിത പാര്‍ട്ടിയെന്ന പേരില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നതിനെ എതിര്‍ക്കും. ഇക്കാര്യം സോണിയയേയും രാഹുലിനെയും നേരിട്ടുകണ്ട് അറിയിക്കാനാണു നീക്കം. പുതിയ പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി. അധ്യക്ഷനെയും നിയമിച്ചശേഷം രാഹുല്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന പരാതിയും ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. തുടര്‍ന്നുള്ള പുനഃസംഘടനയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു വാഗ്‌ദാനം.
സംസ്‌ഥാനനേതൃത്വത്തിന്റെ ഇരട്ടത്താപ്പും ഹൈക്കമാന്‍ഡിനു മുന്നില്‍ തുറന്നുകാട്ടും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയെടുത്ത നേതൃത്വം അതിനേക്കാള്‍ മുതിര്‍ന്നനേതാവും പ്രവര്‍ത്തകസമിതിയംഗവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയേയും മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ചവര്‍ക്കെതിരേ മൗനം പാലിക്കുന്നുവെന്നാണു പരാതി. ആരെയും പരാമര്‍ശിക്കാതെ നടത്തിയ പത്രസമ്മേളനത്തിന്റെ പേരിലാണു കെ.പി.സി.സി. സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്‌തത്. അതിനുശേഷം രാഹുല്‍ ഗാന്ധിക്കു പരാതിയയച്ചതിനു പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അതിനെക്കാള്‍ ഗുരുതരപരാമര്‍ശമാണ് ഉമ്മന്‍ ചാണ്ടിക്കും രമേശിനുമെതിരേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നടത്തിയതെന്നു ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. സംസ്‌ഥാനനേതൃത്വത്തെ വെട്ടിലാക്കി, സംഘടനാതെരഞ്ഞെടുപ്പെന്ന ആവശ്യവും ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്‌ക്കുന്നു. സംഘടനാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം താഴേത്തട്ടില്‍ ആരംഭിക്കും.
ഡി.സി.സി, കെ.പി.സി.സി. പുനഃസംഘടനകളില്‍ പരിഗണന ലഭിക്കാന്‍ ഈനീക്കം സഹായകമാകുമെന്നാണു ഗ്രൂപ്പ് നേതാക്കളുടെ പ്രതീക്ഷ. 2004-ല്‍ കെ. കരുണാകരനെതിരേ ഉമ്മന്‍ ചാണ്ടിയൂം കൂട്ടരും സ്വീകരിച്ച തന്ത്രമാണ് ഇപ്പോള്‍ ഔദ്യോഗികനേതൃത്വം പയറ്റുന്നതെന്നു നിഷ്‌പക്ഷരായ മുതിര്‍ന്നനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

No comments