ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം തുടങ്ങി തൃണമൂല്‍..!! സ്ഥാനാര്‍ഥിയെ ഒറ്റക്കെട്ടായി നിര്‍ണയിക്കുമെന്ന് കോണ്‍ഗ്രസ്..
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും.
സെപ്റ്റംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ്. മമത ബാനര്‍ജി വീണ്ടും ജനവിധി തേടുന്ന ഭവാനിപൂരിലാണ് ഉപെതരഞ്ഞെടുപ്പ്.
ആദ്യ ഘട്ട പ്രചാരണത്തിനായി ചുവരെഴുത്തുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍. 'ഭവാനിപൂരിന് സ്വന്തം മകളെ വേണം' എന്ന ക്യാപ്ഷനോടെയാണ് മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകള്‍.
ഭവാനിപൂര്‍ സ്വദേശിയായ മമത 2011മുതലുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും സ്വന്തം മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടിയത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ -മേയ് മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലം വിട്ട് നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുകയായിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടി വന്‍ വിജയം നേടിയപ്പോള്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് മമതക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
'ഭവാനിപൂര്‍ മണ്ഡലത്തിലേക്ക് ദീദി വീണ്ടും വരുന്നതിന്‍റെ ആവേശത്തിലാണ് ഞങ്ങള്‍. അവര്‍ വളര്‍ന്നത് ഇവിടെയാണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഇവിടെനിന്നുതന്നെ' -തൃണമൂല്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് വെല്ലുവിളി ദീദിയുടെ വിജയമല്ലെന്നും ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡാണെന്നും മറ്റൊരു തൃണമൂല്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. നിയമസഭയില്‍ അംഗമല്ലാത്തൊരാള്‍ മന്ത്രിസ്ഥാനത്തെത്തുകയാണെങ്കില് ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണം. മമത ബാനര്‍ജിക്കായി തൃണമൂല്‍ എം.എല്‍.എയും ക്യാമ്ബിനറ്റ് മന്ത്രിയുമായ സോവന്‍ദേബ് ചാത്തോപാധ്യായ സ്ഥാനം ഒഴിയുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഭവാനിപൂരില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇൗ മാസം അവസാനം ഭവാനിപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ പ്രേരിപ്പിച്ചത് എന്താണെന്നും പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്‍റ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

No comments