Breaking News

നാണക്കേട് എനിക്ക് ആണ്, ആരൊക്കെ പോയാലും ഞാന്‍ അതിന് സമ്മതിക്കില്ല : സുധാകരൻ..

 


കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു പട്ടിക കൈമാറാനാവാതെ പ്രസിഡന്റ് കെ.സുധാകരന്‍ കേരളത്തിലേക്കു മടങ്ങിയതിന് കാരണം ജംബോ കമ്മറ്റികളിലുള്ള ചിലരുടെ പിടിവാശി.

പരമാവധി പേരെ ഭാരവാഹികളാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജംബോ കമ്മറ്റികള്‍ മാറ്റിയാല്‍ കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറുമെന്നാണ് കോണ്‍ഗ്രസ് ഭയം. ഈ സാഹചര്യത്തിലാണ് പുനഃസംഘടന നീളുന്നത്.

ജംബോ കമ്മറ്റികളുടെ അനിവാര്യതയാണ് ഹൈക്കമാണ്ടിന് മുമ്ബില്‍ കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ വച്ചത്. സ്ഥാനം നിഷേധിക്കുന്നവര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോകുമെന്നും ഇത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നും വിലിയിരുത്തലുണ്ട്. അതുകൊണ്ട് പരമാവധി പേരെ ഭാരവാഹികളാക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിലെ അസംതൃപ്തരെ ചാക്കിട്ട് പിടിക്കാന്‍ സിപിഎം സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്. ബിജെപിയും നീക്കങ്ങളുമായി സജീവം. ഈ സാഹചര്യത്തില്‍ പരമാവധി നേതാക്കളെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പിടിച്ചു നിര്‍ത്തണമെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഇതിനെ പിന്തുണയ്ക്കുന്നു.

എന്നാല്‍ ജംബോ കമ്മറ്റി വേണ്ടെന്നും പോകുന്നവര്‍ പോകട്ടെ എന്നതുമാണ് കെപിസിസി അധ്യക്ഷന്‍ സുധാകരന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ എല്ലാവരും പോകുന്ന സാഹചര്യം സ്വയം ഒരുക്കുന്നതാകരുത് പുനഃസംഘടനയെന്നതാണ് കെസിയുടെ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് സുധാകരനും പറയുന്നു. ജംബോ കമ്മറ്റി ഉണ്ടാകില്ലെന്ന് താന്‍ പറഞ്ഞതാണെന്നും അപമാനിക്കാനാണ് ശ്രമമെന്നും സുധാകരനും വിലയിരുത്തുന്നു. പാര്‍ട്ടി വിട്ട് ആരും പുറത്തു പോകില്ലെന്ന് ഉറപ്പിക്കാനാണ് പുനഃസംഘടന. അതിനെ ആ രീതിയില്‍ കാണാനാണ് ഹൈക്കമാണ്ട് ശ്രമവും. ഈ സാഹചര്യത്തിലാണ് സുധാകരന്‍ പട്ടികയുമായി മടങ്ങുന്നത്.

51 പേരായി വെട്ടിച്ചുരുക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ സംബന്ധിച്ച്‌ സംസ്ഥാനത്തു നിന്ന് ആവശ്യങ്ങളും പരാതികളും സമ്മര്‍ദവും ഉയര്‍ന്നതോടെയാണ് ജംബോ കമ്മറ്റിയെന്ന ആവശ്യം ശക്തമായത്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഭാരവാഹിത്വത്തിനുള്ള മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പട്ടികയില്‍ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിലും ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. ഇതെല്ലാം പരിഹരിക്കാന്‍ കൂടുതല്‍ പേരെ ഭാരവാഹികളാക്കണമെന്നതാണ് കെസി വേണഗോപാലിന്റെ നിലപാട്.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളുമായി കേരളത്തില്‍ സുധാകരന്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കും. കെപിസിസി മുന്‍ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം.സുധീരന്‍ എന്നിവരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്താത്തതില്‍ ഇരുവരും അമര്‍ഷത്തിലാണ്. അനിശ്ചിതത്വം പരിഹരിച്ച ശേഷം ഈയാഴ്ച ഒടുവില്‍ അദ്ദേഹം വീണ്ടും ഡല്‍ഹിയിലെത്തുമെന്നാണു വിവരം. ജംബോ കമ്മറ്റി വേണ്ടെന്ന സുധാകരന്റെ നിലപാട് ഹൈക്കമാണ്ടിനും ഒടുവില്‍ അംഗീകരിക്കേണ്ടി വരും.

പതിവുള്ള ജംബോ കമ്മിറ്റി അല്ലാത്തതിനാല്‍, ഒട്ടേറെ പേരെ ഒഴിവാക്കേണ്ടി വരുമെന്നും തര്‍ക്കങ്ങളില്ലാതെ അതു നടപ്പാക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ബിഹാറിലേക്കു പോയതിനാലാണു പട്ടിക കൈമാറാന്‍ കഴിയാത്തതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. താരിഖ് 15നു മടങ്ങിയെത്തിയ ശേഷമാവും ഇനി പട്ടിക കൈമാറുക.

പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിനു കൈമാറുമെന്ന് സംസ്ഥാന നേതൃത്വം ഞായറാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നറിയിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അന്ന് വൈകിട്ട് കേരളത്തിലേക്കു മടങ്ങുകയും ചെയ്തു. സുധാകരന്‍ ഡല്‍ഹിയില്‍ തങ്ങി. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലിയുണ്ടായതു പോലുള്ള തര്‍ക്കങ്ങള്‍ കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ പാടില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.

No comments