Breaking News

സംഘടനാ തെരഞ്ഞെടുപ്പ്.. സുധാകരന്‍റെ മത്സര പ്രഖ്യാപനത്തില്‍ അമര്‍ഷം.. മത്സരത്തില്‍ യോജിച്ച്‌ നീങ്ങാന്‍ എ-ഐ ഗ്രൂപ്പുകൾ.. നടക്കുക കടുത്ത പോരാട്ടം..

 


സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല.

കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ യോജിച്ച്‌ കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന.

കെപിസിസി പുന:സംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു സുധാകരന്‍റെ മത്സരപ്രഖ്യാപനം. കൂടിയാലോചനകളില്ലാതെ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഉള്ളത് കടുത്ത അമര്‍ഷം. അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

കെപിസിസി സെക്രട്ടറിമാരെ ഇനിയും തീരുമാനിക്കാനുണ്ട്. ഡിസിസിയിലും വേണം അഴിച്ചുപണി. പക്ഷെ പ്രസിഡണ്ടിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉന്നയിച്ച്‌ പുനസഘടനയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ആലോചിക്കുന്നു. സമവായ ചര്‍ച്ചക്കില്ലെങ്കില്‍ സുധാകരനെതിരെ പൊതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നതടക്കം ഗ്രൂപ്പുകള്‍ പരിഗണിക്കും.

സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തള്ളാതെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന കെ മുരളീധരനെ വരെ ഇറക്കാനും ഗ്രൂപ്പുകള്‍ ആലോചിക്കുന്നു. രണ്ടിന് പുതിയ എക്സിക്യൂട്ടീവ്, ഭാരവാഹി യോഗങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും ഗ്രൂപ്പുകളുടെ തുടര്‍നീക്കങ്ങള്‍. 92ലായിരുന്നു സംസ്ഥാന കോണ്‍ഗ്രസ്സില്‍ അതിശക്തമായ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. പിന്നീടിങ്ങോട്ടെല്ലാം സമവായമായിരുന്നു.

No comments