Breaking News

'മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി ഇവിടെ തന്നെ ഉണ്ടാവും.. രാഹുല്‍ ​ഗാന്ധി ഒന്നും തിരിച്ചറിയുന്നില്ല'..

 


ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി കാലങ്ങളോളം തുടരുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

വിജയവും പരാജയവും ഇക്കാര്യത്തില്‍ ഒരു ഘടകമല്ല. എന്നാല്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്നും ഗോവയില്‍ പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.

'സ്വാതന്ത്ര്യത്തിന് ശേഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി വര്‍ഷങ്ങളോളം ബിജെപി തുടരും. ബിജെപി ഇവിടെ നിന്ന് എവിടേക്കും പോവില്ല. മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയില്‍ ഒരിക്കലും വീഴരുത്, ഒരുപക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം അവര്‍ ഇവിടെ പോരാടും.'

'നിങ്ങള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ പോയി സംസാരിക്കൂ, അവര്‍ പറയും, ഇത് സമയത്തിന്റെ കാര്യമാണ്, ആളുകള്‍ മടുത്തു തുടങ്ങിയിരിക്കുന്നു, ഒരു ഭരണവിരുദ്ധ തരംഗം ഉണ്ടാകും, ആളുകള്‍ അദ്ദേഹത്തെ പുറത്താക്കും എന്നൊക്കെ. എന്നാല്‍ അവിടെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തെറ്റ് പറ്റുന്നതും.'

'നരേന്ദ്ര മോദിയുടെ ശക്തി നിങ്ങള്‍ മനസിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും നിങ്ങള്‍ക്ക് കഴിയില്ല, അദ്ദേഹത്തിന്റെ ശക്തി മനസിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസിലാക്കുന്നതിനും നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്‌നം'- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

No comments