Breaking News

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്..!! മുഖ്യമന്ത്രി - ചന്നി ക്യാപ്റ്റൻ അമരീന്ദര്‍ സിങ് കൂടിക്കാഴ്ച..!! സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളെ കാണും..

 


പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി  മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി  കൂടിക്കാഴ്ച നടത്തുന്നു.

അമരീന്ദര്‍ സിങിന്‍റെ മൊഹാലിയിലെ ഫാംഹൗസിലാണ് കൂടിക്കാഴ്ച. പാര്‍ട്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിന് ശേഷം ഇത് ആദ്യമായാണ് അമരീന്ദര്‍ സിങും മുഖ്യമന്ത്രിയും തമ്മില്‍ കാണുന്നത്.

അതേസമയം, പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച നടത്തും. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു നിലപാട് മയപ്പെടുത്തിയെങ്കിലും ഇതുവരെ രാജി പിന്‍വലിച്ചിട്ടില്ല. എന്നാല്‍ സംഘടനപരമായ ചര്‍ച്ചകള്‍ക്കായാണ് സിദ്ദുവിനെ വിളിപ്പിച്ചതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

അതിനിടെ, കോണ്‍ഗ്രസില്‍ തലക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്ന വിവരം പുറത്തുവന്നു. സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുമെന്നും സംഘടന തെരഞ്ഞെടുപ്പിന്‍റെ സമയം ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗം തീരുമാനിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുടെ തെറ്റി നില്ക്കുന്ന വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നും നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസിലെ വിമതഗ്രൂപ്പിന്‍റെ സമ്മര്‍ദ്ദം കാരണമാണ് ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വിളിച്ചു ചേര്‍ക്കുന്നത്. പഞ്ചാബിലെ പ്രതിസന്ധിക്കു ശേഷമാണ് യോഗത്തിനായുള്ള ആവശ്യം ശക്തമായത്. പഞ്ചാബില്‍ നവ്ജോത് സിംഗ് സിദ്ദുവിന്‍റെ അവസാന നിലപാട് അറിയാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തുടരുകയാണ്. ഇടക്കാല അദ്ധ്യക്ഷ മാത്രം ഉള്ളപ്പോള്‍ ആരാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് കപില്‍ സിബല്‍ ചോദിച്ചിരുന്നു. കെസി വേണുഗോപാലിനെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷപദം ഏറ്റെടുത്ത് ആശയക്കുഴപ്പം അവസാനിപ്പിക്കണം എന്ന വാദമുണ്ടെങ്കിലും രാഹുല്‍ ഇതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ശനിയാഴ്ച അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്താം എന്ന ചര്‍ച്ചേ ഉണ്ടാവൂ. യുപി തെരഞ്ഞെടുപ്പിന് ശേഷം മതി എന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ ഡിസംബറില്‍ തീരുമാനം വേണം എന്ന് വിമതഗ്രൂപ്പ് ആവശ്യപ്പെടും. ലഖിംപൂര്‍ഖേരിയില്‍ ഉള്‍പ്പടെ വിമതനേതാക്കളെ കണ്ടില്ല എന്ന വിമര്‍ശനം ഉയര്‍ത്തി ഈ നീക്കത്തെ ഹൈക്കമാന്‍ഡ് നേരിടും.

ബിജെപിയുമായി തെറ്റി നില്ക്കുന്ന വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരണം എന്ന ചിന്തയും തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും വരുണ്‍ നല്ല ബന്ധത്തിലാണ്. എന്നാല്‍ മേനകഗാന്ധി ഈ നീക്കത്തോട് യോജിക്കുന്നില്ല. എബി വാജ്പേയിയുടെ പ്രസംഗം ട്വീറ്റ് ചെയ്ത് വരുണ്‍ ഇന്നും പാര്‍ട്ടിയോടുള്ള അതൃപ്തി പ്രകടമാക്കി. വിമതഗ്രൂപ്പ് പുറത്തു പോയപ്പോഴൊക്കെ കോണ്‍ഗ്രസ് ശക്തിനേടിയിട്ടേയുള്ളു. അതിനാല്‍ തല്ക്കാലം ആര്‍ക്കും കീഴടങ്ങില്ലെന്ന സൂചനയാണ് രാഹുലുമായി ചേര്‍ന്ന് നില്ക്കുന്നവര്‍ നല്കുന്നത്. അദ്ധ്യക്ഷ തെര‍ഞ്ഞെടുപ്പ് നീളുമ്ബോള്‍ പാര്‍ട്ടിയില്‍ മൂന്ന് അധികാരകേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആശയക്കുഴപ്പവും തുടരും.

No comments