Breaking News

ഉത്തര്‍പ്രദേശില്‍ യോഗിക്കെതിരെ പ്രിയങ്ക ഉയര്‍ത്തുന്നത് കനത്ത വെല്ലുവിളി..!! തടയിടാന്‍ ചായ കുടിക്കല്‍ തന്ത്രവുമായി ബി ജെ പി..

 


ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും. മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതോടെ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

തിരഞ്ഞെടുപ്പില്‍ ഒരു ഈസി വാക്കോവറാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ പഴയതുപോലല്ലെന്ന് യോഗിക്കും ബി ജെ പിക്കും വ്യക്തമായി. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഏറ്റ തിരിച്ചടിയും കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാനായതുമാണ് ഉത്തര്‍പ്രദേശ് പാര്‍ട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചത്. ഇതിനൊപ്പം സംസ്ഥാനത്ത് ദളിതര്‍ക്കുനേരെയുളള ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ദളിതരും സ്ത്രീകളും വന്‍തോതില്‍ പങ്കെടുക്കുന്നതും ബി ജെ പിയുടെ ആശങ്ക കൂട്ടുന്നുണ്ട്.

സമാജ് വാദി പാര്‍ട്ടിക്കും ബി എസ് പിക്കും പരമ്ബരാഗതമായി വോട്ടുചെയ്തിരുന്ന ദളിതരെ തങ്ങളോട് കൂടുതല്‍ അടുപ്പിക്കാനാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ശ്രമം. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. വോട്ടുകള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദളിതര്‍ക്കൊപ്പം ചായ കുടിക്കണമെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'100 ദലിതര്‍ക്കൊപ്പം ചായകുടിച്ച്‌, ജാതിയുടെയും പണത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിലല്ല, ദേശീയതയുടെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് അവരെ മനസിലാക്കി കൊടുക്കൂ' എന്നാണ് ഒരു ചടങ്ങില്‍ സംസാരിക്കെ സ്വതന്ത്ര ദേവ് സിംഗ് ആവശ്യപ്പെട്ടത്. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമവും പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് ബി ജെ പിക്ക് വോട്ടുചെയ്യണം എന്ന് പറഞ്ഞുമനസിലാക്കാനാണ് അവരുടെ ശ്രമം.

ഉത്തര്‍പ്രദേശില്‍ എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് അധികാരം പിടിച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയും എന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധി നടത്തുന്നത്. ഇത് ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ് അടുത്തിടെ ഗോരഖ്‌പൂരില്‍ പാര്‍ട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം. ഇത് പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും അമ്ബരപ്പിച്ചു എന്നാണ് അറിയുന്നത്. 'ഞാനൊരു സ്ത്രീ, എനിക്കും പോരാടാന്‍ കഴിയും' എന്ന മുദ്രാവാക്യമാണ് പ്രിയങ്ക ഉയര്‍ത്തുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അതിനാലാണ് ഇത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നിരവധി വാഗ്ദ്ധാനങ്ങളും പ്രിയങ്ക നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മറ്റൊരു പാര്‍ട്ടിയും ഇത്തരത്തില്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രമുഖരായ വനിതാ മുഖങ്ങള്‍ ഇല്ലെന്നത് പ്രധാന പോരായ്മയാണ്. വിരലിലെണ്ണാവുന്ന വനിതാ നേതാക്കള്‍ മാത്രമാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും ജനങ്ങളുമായി അത്ര അടുപ്പവും ഇല്ല. കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രധാന പ്രതിബന്ധവും ഇതാണ്.

No comments