Breaking News

ഉത്തര്‍പ്രദേശില്‍ യോഗിയുടെ കസേര കൈക്കലാക്കാന്‍ കെജ്‌രിവാള്‍ കൂട്ടുപിടിക്കുന്നത് ശ്രീരാമനെ..!! അമ്പലത്തില്‍ പോകുന്നത് ഒറ്റ കാര്യത്തിനുവേണ്ടി.. ബിജെപി വോട്ടുകൾ ഭിന്നിക്കുമ്പോൾ ആശ്വാസം ആർക്ക്..

 


മൃദു ഹിന്ദുത്വം പയറ്റി ബി ജെ പിയെ അടിയറവ് പറയിക്കാനുള്ള പുറപ്പാടിലാണ് ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഈ ലക്ഷ്യം നേടുന്നതിന് ബി ജെ പിയെക്കാള്‍ ഒരു പടി മേലുള്ള ഹിന്ദുത്വ കാര്‍ഡാണ് ഇപ്പോള്‍ അദ്ദേഹം ഇറക്കുന്നത്. ഡല്‍ഹിയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുസമത്തുതന്നെ കെജ്‌രിവാള്‍ ഹിന്ദുത്വത്തില്‍ പിടിമുറുക്കിത്തുടങ്ങിയെങ്കിലും അടുത്തിടെയാണ് ഇത് കൂടുതല്‍ തീവ്രമായത്. മതവും രാഷ്ട്രീയവും തമ്മില്‍ ചേര്‍ത്തത് ബി ജെ പിയാണെന്നും അതിന് പുറകെ ആംആദ്മി പാര്‍ട്ടി പോകുന്നു എന്നുള്ള വിമര്‍ശനം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ശക്തമായി ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും ആം ആദ്‌മിയോ കെജ്‌രിവാളോ കണക്കിലെടുക്കുന്നില്ല.

അടുത്തുതന്നെ ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെയെല്ലാം പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കുക എന്നതുതന്നെയാണ് ആം ആദ്‌മിയുടെ പ്രധാന ലക്ഷ്യം. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റിലുo മത്സരിക്കാനാണ് ആം ആദ്മിയുടെ തീരുമാനം. ഇതിനുവേണ്ടി പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാനത്തെത്തിയ കെജ്‌രിവാള്‍ അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നു. ഇതിനാെപ്പം രംലല്ലയില്‍ അര്‍ച്ചനയും സരയൂഘട്ടില്‍ ആരതിയും നടത്തി. ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സൗജന്യ തീര്‍ത്ഥാടന പദ്ധതിക്ക് കീഴില്‍ അയോദ്ധ്യയും ഉള്‍പെടുത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. ഇതില്‍ വലിയ അത്ഭുതമില്ലെങ്കിലും ആരതിക്ക് ശേഷം അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. പ്രത്യേകിച്ച്‌ ബി ജെ പിയെ. രാമന്റെയും സരയു ദേവിയുടെയും അനുഗ്രഹത്താല്‍ രാജ്യം കൊവിഡില്‍ നിന്നും മുക്തി നേടുമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഇതിലൂടെ സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്കിടയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് ആയെന്നാണ് ആം ആദ്‌മിയുടെ വിലയിരുത്തല്‍. ഒരു ഭാഗത്ത് പ്രിയങ്ക നയിക്കുന്ന കോണ്‍ഗ്രസും മറുവശത്ത് കെജ്‌രിവാളും കൂടി ചേര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

No comments