Breaking News

ക്യാപ്റ്റനെ തള്ളി സിദ്ധുവിനെ കൊണ്ടത് കോൺഗ്രസിന് തിരിച്ചടിയോ..?? പഞ്ചാബില്‍ വീണ്ടും പോര്‍മുഖം തുറന്ന്‌ സിദ്ദുവും മുഖ്യമന്ത്രിയും..

 


ചണ്ഡിഗഡ്‌/ന്യൂഡല്‍ഹി: ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ച വിഭാഗീയതയ്‌ക്കുശേഷവും പഞ്ചാബ്‌ കോണ്‍ഗ്രസില്‍ കലഹമടങ്ങുന്നില്ല.

അമരീന്ദറിന്റെ പിന്‍ഗാമിയായ മുഖ്യമന്ത്രി ചരണ്‍ജിത്‌ ചന്നിയുമായും പി.സി.സി. അധ്യക്ഷന്‍ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു കൊമ്ബുകോര്‍ത്തതോടെയാണിത്‌. അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്‌ഥയിലാണു കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌.

പി.സി.സി. അധ്യക്ഷസ്‌ഥാനത്തുനിന്നുള്ള രാജി പിന്‍വലിച്ചെങ്കിലും അഡ്വക്കേറ്റ്‌ ജനറല്‍ എ.പി.എസ്‌. ദിയോളിനേയും സായുധ പോലീസ്‌ മേധാവി ഇഖ്‌ബാല്‍പ്രീത്‌ സിങ്‌ സഹോതയേയും തല്‍സ്‌ഥാനങ്ങളില്‍നിന്നു മാറ്റാതെ ഓഫീസിലെത്തി ചുമതലയേല്‍ക്കില്ലെന്ന ശപഥത്തിലാണു സിദ്ദു. സിഖ്‌ മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കുനേരേ 2015-ല്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ ഉത്തരവാദികളാണ്‌ ഇരുവരുമെന്നതാണു സിദ്ദുവിന്റെ എതിര്‍പ്പിനു കാരരണം. പ്രതിഷേധക്കാരെ വെടിവച്ച കേസില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സുമേധ്‌ സൈനിക്കുവേണ്ടി കോടതിയില്‍ ഹാജരായി ജാമ്യം നേടിക്കൊടുത്തതു ദിയോളായിരുന്നു. "പുതിയ എ.ജിയെ നിയമിക്കുമ്ബോഴേ ഞാന്‍ പാര്‍ട്ടി ഓഫീസിലെത്തി ചുമതലയേറ്റെടുക്കൂ. സൈനിക്കു ജാമ്യം വാങ്ങിക്കൊടുത്ത ഒരു അഭിഭാഷകന്‌ അഡ്വക്കേറ്റ്‌ ജനറലായും സഹോതയേപ്പോലൊരാള്‍ക്ക്‌ ഡി.ജി.പിയായും എങ്ങനെയാണു തുടരാനാവുക? മതനിന്ദാപ്രശ്‌നം തുറന്നുകാട്ടിയയാളാണ്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി. അദ്ദേഹത്തെ ഞാന്‍ ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു"- സിദ്ദു താക്കീത്‌ നല്‍കി. എന്നാല്‍, സിദ്ദുവിന്റെ അന്ത്യശാസനം തള്ളിയ മുഖ്യമന്ത്രി ചന്നി, അഡ്വക്കേറ്റ്‌ ജനറലിനു പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ ഗുര്‍മീത്‌ റാം റഹീമിനെ ചോദ്യംചെയ്യാന്‍ അനുമതി നേടിയെടുത്ത സര്‍ക്കാര്‍ അഭിഭാഷകര്‍ ഇതുമായി ബന്ധപ്പെട്ട മയക്കുമരുന്ന്‌ സംഭവത്തിലും ശക്‌തമായ നിയമപോരാട്ടമാണു നടത്തുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിദ്ദുവിനെതിരേ അഡ്വക്കേറ്റ്‌ ജനറല്‍ ദിയോളും രൂക്ഷമായി പ്രതികരിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനു മുമ്ബ്‌ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താനും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കുവേണ്ടി എ.ജി. ഓഫീസിനെ രാഷ്‌ട്രീയവത്‌കരിക്കാനുമാണു ചിലരുടെ ശ്രമമെന്ന്‌ അദ്ദേഹം പ്രസ്‌താവനയില്‍ ആരോപിച്ചു.

No comments