ഗോവ തെരഞ്ഞെടുപ്പ്.. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടൻ.. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഹൈബിയും..
ഗോവയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഈമാസാവസാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചൊദന്‍കര്‍.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ പ്രാമുഖ്യം നല്‍കും.
കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവരെ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവക്കുവേണ്ടിയുള്ള സക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാകും. 70 മുതല്‍ 80 ശതമാനം വരെ സ്ഥാനാര്‍ഥികള്‍ യുവാക്കളും പുതുമുഖങ്ങളും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മണ്ഡലങ്ങളിലെ ബ്ലോക്ക് കമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്ബ് മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
2017ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍. 13 സീറ്റുകളില്‍ ചുരുങ്ങിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.
No comments