പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പിസി ചാക്കോ..
മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷിയായ എന്‍.സി.പി. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയാതെയാണ് ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലുവ ഗസ്റ്റ്ഹൗസില്‍ പി.സി ചാക്കോയുമായി ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.
മരം മുറി വിവാദം സര്‍ക്കാറിന് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രി പോലും അറിയാതെ നിര്‍ണായക വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടുള്ള ഇടപാടാണിതെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടിനീക്കാന്‍ അനുമതി നല്‍കിയ വിവരം പുറത്തുവന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന് തോമസാണ് അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്.
വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രന്‍ പോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ബേബി ഡാം ബലപ്പെടുത്തല്‍ തമിഴ്നാട് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാല്‍ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത് തിരിച്ചടിയാകും.
വനംമന്ത്രി എം.കെ. ശശീന്ദ്രന്‍ അറിയാതെയാണ് മരംമുറിക്കാന്‍ ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അനുമതി നല്‍കിയതെന്നാണ് വിവരം. സംഭവം വിവാദമായതോടെ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനംമന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
No comments