Breaking News

കോണ്‍ഗ്രസിനു പുനഃസംഘടന അനിവാര്യം, അതു നടത്തും..!! പാര്‍ട്ടി അനങ്ങാന്‍ പാടില്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല..!! വിഡി സതീശൻ..

 


എല്ലാ തിരഞ്ഞെടുപ്പ് വിശകലനങ്ങളും വിരല്‍ ചൂണ്ടിയത് സംഘടനാപരമായ ദൗര്‍ബല്യങ്ങളാണെന്നും അതു പരിഹരിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നും പറയുകയാണ് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. അതിനാല്‍ പാര്‍ട്ടിയില്‍ ബാക്കിയുളള പുനഃസംഘടനയുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറയുന്നു. 'ക്രോസ് ഫയറില്‍' മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സുജിത് നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടക്കുന്നെന്നും നേതൃമാറ്റം ഉണ്ടാകുമ്ബോള്‍ സ്വാഭാവികമായെല്ലാം വരുന്ന അസ്വസ്ഥതകള്‍ പോലും പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ ഇല്ലെന്നും വ്ക്തമാക്കുകയാണ് സതീശന്‍. 'ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ചില പ്രധാന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞാന്‍ തന്നെ അവരെ നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ ഒരു അലോസരവും ഉണ്ടായില്ല. ബാക്കിയുളള പുനഃസംഘടനയുമായി മുന്നോട്ടുപോവുകയാണ്.'

കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഉണ്ടായ രണ്ടു കനത്ത പരാജയങ്ങളാണ് ഇത്തവണ മാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കു വഴിയൊരുക്കിയതെന്നും അദ്ദേഹം പറയുന്നു.

ഗ്രൂപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, 'ഗ്രൂപ്പുകള്‍ ആരു വിചാരിച്ചാലും ഇല്ലാതാക്കാനും സാധിക്കില്ല. പക്ഷേ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങാന്‍ പോയാലോ? ഗ്രൂപ്പുകളുടെ അതിപ്രസരം നിയന്ത്രിക്കണമെന്ന ആവശ്യം താഴെത്തട്ടില്‍ നിന്നും ഒപ്പം മുകളില്‍നിന്നും ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ രണ്ടു ഘട്ടമായി നടന്ന പുനഃസംഘടനയില്‍ സ്വീകരിച്ചിട്ടുമുണ്ട്. ഗ്രൂപ്പുകളോട് അഭിപ്രായം ചോദിച്ച്‌ അതേപടി ചെയ്തു കൊടുക്കാന്‍ സാധിക്കില്ല. നേതാക്കളുമായി സംസാരിക്കും.' ചിലതെല്ലാം ഊതിവീര്‍പ്പിക്കുന്ന പ്രശ്‌നമാണെന്നും ഏതു പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരിക്കലും ഇനി ഒരു ഗ്രൂപ്പിന്റെ ഭാഗമാകില്ലെന്നും തന്റെ പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാകുകയുമില്ലെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ നല്‍കുമെന്നും ഓരോരുത്തരെയും പാര്‍ട്ടിക്കായി പരമാവധി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെന്നും സതീശന്‍ വ്യകതമാക്കി.

ഉമ്മന്‍ചാണ്ടി നേതൃത്വത്തിനെതിരെ പരാതിയുമായി ഡല്‍ഹിയിലെത്തിയത് നിസ്സാരമായി കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന്.

'എഐസിസി അധ്യക്ഷയോട് എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത് വാര്‍ത്തയായി എനിക്കു തോന്നുന്നില്ല.

ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, ഞങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നു പറഞ്ഞിട്ടുണ്ടാകാം, അതില്‍ എന്താണ് കുഴപ്പം? അപ്പോള്‍ അവര്‍ ആവശ്യമായ നിര്‍ദേശം നല്‍കും. അതു ഞങ്ങള്‍ അനുസരിക്കും. തിരിച്ച്‌ മുതിര്‍ന്ന നേതാക്കള്‍ ഞങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെങ്കില്‍ അക്കാര്യം ഞങ്ങളും പറയും. അങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ല. കുടുംബനാഥനോട് കുടുംബാംഗങ്ങള്‍ പരാതി പറയുന്നതു പോലെ മാത്രമേ അതിനെ കാണേണ്ടതുള്ളൂ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ അടക്കം ഞങ്ങള്‍ക്ക് എല്ലാ സ്‌നേഹവും സ്വാതന്ത്ര്യവും ഉള്ള ഇടങ്ങളാണ്.' എന്നായിരുന്നു മറുപടി.

പുന:സംഘടനയുടെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു കെ. സുധാകരന്‍ ഒരു യോഗത്തില്‍ പ്രഖ്യാപിച്ച ശേഷം തൊട്ടടുത്ത ദിവസത്തെ യോഗത്തില്‍ പുനഃസംഘടന നടത്തുമെന്നു പ്രഖ്യാപിക്കുന്നതില്‍ അധാര്‍മികതയില്ലേ എന്നതിന്. 'പുനഃസംഘടനക്കെതിരെ കെപിസിസിയുടെ പൂര്‍ണ നിര്‍വാഹകസമിതിയില്‍ ചിലര്‍ അഭിപ്രായ പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അതു ചെയ്തത്. അക്കാര്യം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തി പിറ്റേന്നു ചേരുന്ന നിര്‍വാഹകസമിതിയ്ക്ക് എഐസിസിയുടെ അനുവാദത്തോടെ തീരുമാനമെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. ഞാനും കെപിസിസി പ്രസിഡന്റുമാണ് സംസാരിച്ചത്. പുനഃസംഘടനയ്ക്ക് ഒരു തടസ്സവും ഇല്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍നിന്നു ലഭിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നിര്‍വാഹക സമിതിയില്‍ ഇക്കാര്യം വ്യക്തമാക്കി. ഡല്‍ഹിയുമായി സംസാരിച്ച കാര്യം തന്നെ യോഗത്തില്‍ വിശദീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നോടു ചോദിച്ചപ്പോഴും അനുമതി ലഭിച്ച കാര്യം പറഞ്ഞു. എന്റെ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ക്ക് അനുമതി ലഭിക്കാതെ അങ്ങനെ പറയാന്‍ സാധിക്കുമോ?. കേരളത്തിലെ കോണ്‍ഗ്രസിനു പുനഃസംഘടന അനിവാര്യമാണെന്ന് അദ്ദേഹം തീര്‍ത്തു പറയുന്നു.

'രാഷ്ട്രീയകാര്യസമിതിയും കെപിസിസി നിര്‍വാഹകസമിതിയും അത് തീരുമാനിച്ചതാണ്. അഞ്ചുമാസമാണ് അംഗത്വവിതരണത്തിനു നിശ്ചയിച്ചിരിക്കുന്നത്. അതു കഴിഞ്ഞാലും തീയതി നീട്ടിക്കൊടുക്കാറുണ്ട്. അങ്ങനെ എട്ടുമാസത്തോളം നീളും. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമാകണമെങ്കില്‍ ഒന്നര വര്‍ഷത്തോളം എടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുനഃസംഘടന നടക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന അവര്‍ക്ക് ഇതെല്ലാം അറിയാവുന്നതാണ്. കേരളത്തില്‍ മാത്രമായി ഇതു പാടില്ല എന്നു പറയുന്നതിയില്‍ അപ്പോള്‍ യുക്തിയില്ല. ഒന്നരക്കൊല്ലത്തേക്ക് ഒന്നും ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നു എന്നാണ് അര്‍ഥം. 100-125 പേരുള്ള ജംബോ കമ്മിറ്റിയെ മാറ്റി ചെറിയ ടീം വേണം എന്നതു 14 ഡിസിസി പ്രസിഡന്റുമാരുടെയും ഒന്നാമത്തെ ആവശ്യമാണ്.' പാര്‍ട്ടി അനങ്ങാന്‍ പാടില്ലെന്നു പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചേദിക്കുന്നു.

സംഘടനയെ ശക്തിപ്പെടുത്തിയും തിരഞ്ഞെടുപ്പ് സംവിധാനം ഒരുക്കിയും സോഷ്യല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധം ദൃഢമാക്കിയും പുതിയ അജന്‍ഡയും പുതിയ മുഖവുമായി കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്നു വന്നാലേ ജയിക്കൂ. ആ ജോലിയാണ് ഞങ്ങളെ ഏല്‍പിച്ചിരിക്കുന്നത്. വെറുതെ ഇരുന്നാല്‍ അതിനു കഴിവില്ല എന്ന വിമര്‍ശനം ആയേനെ. ഞങ്ങള്‍ക്ക് തെറ്റു പറ്റാം. അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. പക്ഷേ ഈ ദൗത്യം ഏറ്റെടുത്തിട്ടു ചുമ്മാ ഇരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ നാളെ കോണ്‍ഗ്രസിന്റെ ചരിത്രം എഴുതുമ്ബോള്‍ ഞങ്ങള്‍ കുറ്റവാളികളാകും. ഒരു സ്ഥാനത്ത് വെറുതെ ഇരിക്കുക, പത്രസമ്മേളനം നടത്തുക, വാര്‍ത്താക്കുറിപ്പ് കൊടുക്കുക എന്ന രീതിയില്‍ ഒരു പ്രതിപക്ഷനേതാവിനും ഒരു കെപിസിസി പ്രസിഡന്റിനും പ്രവര്‍ത്തിക്കാന്‍ ഇനി സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്.

'ഞാന്‍ ഒരു വിയോജിപ്പും പറഞ്ഞിട്ടില്ല. അതു തെറ്റായ മാധ്യമവാര്‍ത്തയാണ്. കോണ്‍ഗ്രസ് ശക്തമായ പല സമരങ്ങളും ചെയ്തിട്ടും പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതാണ് വഴി തടയല്‍ സമരം നടത്താന്‍ അവരെ പ്രേരിപ്പിച്ചത് എന്നാണു ഞാന്‍ പറഞ്ഞത്. അല്ലാതെ തള്ളിപ്പറഞ്ഞിട്ടില്ല. ഹര്‍ത്താലിനും ബന്ദിനും വഴി തടയല്‍ സമരത്തിനും പണ്ടേ ഞാന്‍ എതിരാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുമ്ബോള്‍ വ്യക്തിപരമായ ആ നിലപാടിന് എന്തു പ്രസക്തി'- എന്നായിരുന്നു മറുപടി.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹൃദയത്തില്‍ സ്ഥാനമുള്ളവരാണെന്നും. അഭിപ്രായ വ്യത്യാസമെല്ലാം ചിലപ്പോള്‍ ഉണ്ടാകും. പക്ഷേ നമ്മുടെ മനസ്സില്‍ അവരെക്കുറിച്ചുള്ള സ്ഥാനത്തിന് ഒരു ഇളക്കവും ഉണ്ടാവില്ലെന്നും വി ടി സതീശന്‍ പറയുന്നു.

No comments