Breaking News

'പണി എടുത്ത് ജീവിക്കുന്നവര്‍' ഏരിയ കമ്മിറ്റിയിലേക്ക് വരണ്ട, പുതിയ നിര്‍ദേശവുമായി സിപിഎം..

 


ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങളിലേക്ക് ഇന്നലെ കടന്ന സി.പി.എം, പുതിയ ഏരിയാ കമ്മിറ്റികളില്‍ രണ്ട് വനിതകളെങ്കിലും വേണമെന്ന് നിര്‍ദ്ദേശിച്ചു.

മതന്യൂനപക്ഷ പ്രാതിനിദ്ധ്യം നിര്‍ബന്ധമായും വേണം. ഏരിയാ സെക്രട്ടറിമാര്‍ സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുത്. പൂര്‍ണസമയം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരാകണം സെക്രട്ടറിമാര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നവരെ സെക്രട്ടറിമാരാക്കേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍ കഴിഞ്ഞയാഴ്ച ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തും ആരംഭിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സമയമുള്ളവരാകണമെന്ന് മാര്‍ഗരേഖയില്‍ സി.പി.എം ചൂണ്ടിക്കാട്ടി. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ജോലിയെടുക്കേണ്ടി വരുന്നയാള്‍ ഏരിയാ കമ്മിറ്റി അംഗമാകുക വഴി ,പാര്‍ട്ടി പ്രവര്‍ത്തനത്തിന് സമയം മാറ്റിവയ്ക്കാന്‍ കഴിയാതിരിക്കുന്നു. വൈകിട്ട് ആറ് മണി മുതല്‍ മാത്രം പാര്‍ട്ടി പ്രവര്‍ത്തനത്തിന് സമയം ചെലവഴിക്കാനാവുന്നവര്‍ ഏരിയാ കമ്മിറ്റിയില്‍ കൂടുതലാവുന്നത് കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകും.

യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുകയും, ഒരു പ്രവര്‍ത്തനത്തിലും ഭാഗമാകാതിരിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രവര്‍ത്തന സന്നദ്ധതയുള്ളവരെ ഉള്‍പ്പെടുത്തണം.

ഏരിയാ, ലോക്കല്‍ കമ്മിറ്റികളിലുള്ളവര്‍ രാത്രിയേറെ വൈകിയും കീഴ്ഘടകങ്ങളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ്. പ്രായാധിക്യം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാല്‍ യോഗങ്ങളില്‍ പങ്കെടുക്കാനാവാത്തവര്‍ കമ്മിറ്റികളില്‍ തുടരുന്നുണ്ട്. ദീര്‍ഘകാലം അവര്‍ പാര്‍ട്ടിക്കായി സേവനം നടത്തിയതിനെ ആദരിച്ചു കൊണ്ടു തന്നെ അവരെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കണം. കമ്മിറ്റികളില്‍ കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അനുഭവസമ്ബത്തുള്ളവരും പുതുതലമുറയിലുള്ളവരും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതില്‍ മേല്‍കമ്മിറ്റി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കണം.

അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന ജില്ലാസമ്മേളനങ്ങളിലേക്ക് ഓരോ ജില്ലയിലും വിവിധ ഏരിയകള്‍ക്ക് കീഴില്‍ നിന്ന് ശരാശരി പത്ത് ശതമാനം പേരെ വീതം പ്രതിനിധികളാക്കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ അംഗബലമുള്ള കമ്മിറ്റികളില്‍ നിന്ന് 13 ശതമാനം വരെ പ്രാതിനിദ്ധ്യമുണ്ടാകണം.

No comments