Breaking News

കോൺഗ്രസിനെ പരിഹസിച്ച്‌ എ വിജയരാഘവൻ.. 'ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ഫ്യൂസ് പോയിക്കിടക്കുകയാണ്, അതിനിടയില്‍ കേരളത്തില്‍ എന്ത് ചെയ്യാനാണ്'..

 


കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി മൂര്‍ച്ഛിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

എറണാകുളത്ത് ദേശീയപാതയില്‍ വഴിതടസ്സപ്പെടുത്തി സമരം നടത്തുന്നതില്‍ പ്രതിഷേധിച്ച നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ നടുറോഡിലിട്ട് തല്ലി. അദ്ദേഹത്തിന്റെ കാര്‍ അടിച്ച്‌ തകര്‍ത്തു. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാഹനം പോലും തടഞ്ഞിട്ടതിനെയാണ് ജോജു ജോര്‍ജ് ചോദ്യം ചെയ്തതെന്ന് മനസ്സിലാക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെക്കുറിച്ച്‌ ആ പാര്‍ടിയിലെ ഒരു സുഹൃത്തിന്റെ പ്രതികരണം ഇതായിരുന്നു: ''മെയിന്‍ സ്വിച്ച്‌ ഓഫായി കിടക്കുമ്ബോള്‍ ഇവിടെ എങ്ങനെ കറണ്ട് കിട്ടും?'' ഉദ്ദേശിച്ചത് എല്ലാവര്‍ക്കും അറിയുന്നതുതന്നെ. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ഫ്യൂസ് പോയിക്കിടക്കുകയാണ്. അതിനിടയില്‍ കേരളത്തില്‍ എന്തു ചെയ്യാനാണ്? കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയത്. ഗ്രൂപ്പിസം അവസാനിപ്പിക്കാനുള്ള നടപടിയെന്നാണ് ദേശീയനേതാക്കള്‍ ഇതിനു നല്‍കിയ വ്യാഖ്യാനം. പുതുതായി സ്ഥാനം കിട്ടിയവര്‍ക്കല്ലാതെ മറ്റാര്‍ക്കും അതു ദഹിച്ചിട്ടില്ല.

ദേശീയ നേതൃത്വത്തിലുള്ള കെ സി വേണുഗോപാലിന് സ്വന്തം ഗ്രൂപ്പായി. സുധാകരന്റെ ഗ്രൂപ്പില്‍ കുറച്ചുപേരെക്കൂടി കിട്ടി. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പുകള്‍ പുതിയ നേതൃത്വത്തിനെതിരായ പടയൊരുക്കത്തിലാണ്. കെ മുരളീധരന്‍ ഒറ്റയാനായി നില്‍ക്കുന്നു. ഗ്രൂപ്പില്ലാത്തതുകൊണ്ട് മുല്ലപ്പള്ളിക്ക് ഒന്നും ചെയ്യാനില്ല. ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കണ്ടത് അദ്ദേഹം ഗ്രൂപ്പുകളിയില്‍ സജീവമായി രംഗത്തുണ്ടെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലാകെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ദേശീയനേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ പുനഃസംഘടനാ പ്രക്രിയ നിര്‍ത്തിവയ്ക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. രമേശ് ചെന്നിത്തലയും ഇതേ നിലപാടിലാണ്. എന്നാല്‍, പുനഃസംഘടന നിര്‍ത്തിവയ്ക്കാനാകില്ലെന്ന് വി ഡി സതീശന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ദേശീയതലത്തില്‍ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടന്നത് ദശാബ്ദങ്ങള്‍ക്കു മുമ്ബാണ്. മൂന്നു പതിറ്റാണ്ടുമുമ്ബ് കേരളത്തില്‍മാത്രം പിസിസിയിലേക്ക് തെരഞ്ഞെടുപ്പുണ്ടായിരുന്നു. കെ കരുണാകരന്റെ പ്രതിനിധിയായി മത്സരിച്ച വയലാര്‍ രവിയോട് എ കെ ആന്റണി പരാജയപ്പെട്ടത് അന്നാണ്. അന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതിനുശേഷം പേരിനുപോലും ഇവിടെ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എഐസിസിയിലേക്ക് തീരെയില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ, കോണ്‍ഗ്രസില്‍ മെമ്ബര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആ പാര്‍ടിയിലുള്ളവര്‍പോലും വിശ്വസിക്കുന്നുണ്ടാകില്ല. അഥവാ നടക്കുകയാണെങ്കില്‍ നിലവിലുള്ള നേതൃത്വത്തെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗ്രൂപ്പുകള്‍ ഒന്നിക്കാന്‍ ധാരണയായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയണം.

പാര്‍ടിക്കകത്തെ തമ്മിലടി കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്ന് നേതാക്കള്‍ പറയുമായിരിക്കും. തീര്‍ച്ചയായും അതവരുടെ കാര്യംതന്നെ. പുതിയ നേതൃത്വത്തെ പ്രബലഗ്രൂപ്പുകള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതും ജനങ്ങളുടെ വിഷയമല്ല. എന്നാല്‍, തമ്മിലടി മൂര്‍ച്ഛിക്കുന്നതിനിടയില്‍ കോണ്‍ഗ്രസുകാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. എറണാകുളത്ത് ദേശീയപാതയില്‍ വഴിതടസ്സപ്പെടുത്തി സമരം നടത്തുന്നതില്‍ പ്രതിഷേധിച്ച നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ നടുറോഡിലിട്ട് തല്ലി. അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. വനിതാ കോണ്‍ഗ്രസുകാരെക്കൊണ്ട് നടനെതിരെ കള്ളപ്പരാതി കൊടുപ്പിച്ചു. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാഹനംപോലും തടഞ്ഞിട്ടതിനെയാണ് ജോജു ജോര്‍ജ് ചോദ്യം ചെയ്തതെന്ന് മനസ്സിലാക്കണം.

ജോജു ജോര്‍ജിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസുകാരുടെ അരിശം തീര്‍ന്നില്ല. സിനിമാനിര്‍മാണത്തിനെതിരെ അവര്‍ തിരിഞ്ഞിരിക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസുകാര്‍ സംഘടിതമായി ചെന്ന് ഷൂട്ടിങ് തടസ്സപ്പെടുത്തുന്നു. കലാകാരന്‍മാരെയും നിര്‍മാതാക്കളെയും ഭീഷണിപ്പെടുത്തുന്നു. എന്തിന്റെ പേരിലാണ് അക്രമമെന്ന് ചോദിച്ചാല്‍ മറുപടിയില്ല. സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്. കോഴിക്കോട്ട് ഗ്രൂപ്പ് യോഗത്തിന്റെ വാര്‍ത്തയും ദൃശ്യങ്ങളും എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. കോണ്‍ഗ്രസ് പാര്‍ടി 'സെമി കേഡര്‍' ആകാന്‍ പോകുന്നുവെന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങളോ കെപിസിസി പ്രസിഡന്റോ വിശദീകരിച്ചിട്ടില്ല. പാര്‍ടിക്ക് കേഡര്‍ സ്വഭാവം വേണം. എന്നാല്‍, പകുതി മതി എന്നാണോ? കോണ്‍ഗ്രസിലെ പകുതി പേര്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമോ അതോ ഓരോ കോണ്‍ഗ്രസുകാരനും പകുതി കേഡറാകുമോ? ഒന്നും നിശ്ചയമില്ല.

ഇടതുപക്ഷ പാര്‍ടികള്‍ക്ക് കേഡര്‍ സ്വഭാവമുണ്ടെന്നും അതു കൊള്ളാമെന്നും ആരോ കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിച്ചിട്ടുണ്ടെന്ന് സംശയിക്കണം. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ മാധ്യമസുഹൃത്തുക്കള്‍ തന്നെയാകണം ബുദ്ധി ഉപദേശിച്ചത്. മെമ്ബര്‍ഷിപ്പോ സാധുവായ ഭരണഘടനയോ ലക്ഷ്യവും മാര്‍ഗവും വ്യക്തമാക്കുന്ന പരിപാടിയോ കേന്ദ്രീകൃതനേതൃത്വമോ ഇല്ലാത്ത രാഷ്ട്രീയ പാര്‍ടി എങ്ങനെയാണ് കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഓരോ രാഷ്ട്രീയ കക്ഷിക്കും നയങ്ങളും പരിപാടികളും ഉണ്ടാകണം. അത് ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യം നിറവേറ്റുന്നതിന് പരിശീലനം നല്‍കി പാര്‍ടി അംഗങ്ങളെ നിയോഗിക്കാം. ഈ ദൗത്യം ഏറ്റെടുക്കുന്നവരാണ് കേഡര്‍മാര്‍ എന്ന് സാമാന്യമായി പറയാം. സെമി കേഡര്‍ സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ സിപിഐ എമ്മും വരുന്നുണ്ട്. അതുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കാം. മാര്‍ക്സിസം-ലെനിനിസം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയാണ് സിപിഐ എം. ഈ ലക്ഷ്യം വിശദീകരിക്കുന്ന പരിപാടി പാര്‍ടി അംഗീകരിച്ചിട്ടുണ്ട്. അതാണ് പാര്‍ടിയുടെ തന്ത്രം.

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുജന വിപ്ലവപാര്‍ടിയാണ് സിപിഐ എം. അടിമുടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി സംഘടന കെട്ടിപ്പടുത്തിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും. ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയിലാണ് കേന്ദ്രീകൃതനേതൃത്വം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രീകൃതമെന്ന് പറയുമ്ബോള്‍ മേല്‍കമ്മിറ്റികള്‍ക്ക് വഴങ്ങി കീഴ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാകണം. ഭൂരിപക്ഷ തീരുമാനം നടപ്പാക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. ഉപരികമ്മിറ്റിയുടെ തീരുമാനങ്ങള്‍ കീഴ്‌കമ്മിറ്റികള്‍ നടപ്പാക്കണം. വ്യക്തികള്‍ കൂട്ടായ നേതൃത്വത്തിന് വഴങ്ങി പ്രവര്‍ത്തിക്കണം. എന്നാല്‍, ഓരോ അംഗത്വത്തിനും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകും.

ആവര്‍ത്തിക്കട്ടെ, ഏറ്റവും പ്രധാനം ജനാധിപത്യമാണ്. ഏറ്റവും അടിത്തട്ടിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറിമുതല്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയെയുംവരെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാകണം. പാര്‍ടി അംഗങ്ങള്‍ക്ക് ഉത്തരവാദിത്വമെന്നപോലെ അവകാശങ്ങളുമുണ്ട്. പാര്‍ടി ഭരണഘടന അതെല്ലാം വ്യക്തമായി പറയുന്നു. ഘടകങ്ങളെ തെരഞ്ഞെടുക്കാനുള്ളതുപോലെ ഘടകങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാനും ഓരോ അംഗത്വത്തിനും അവകാശമുണ്ട്. പാര്‍ടിയുടെ സംഘടന, നയങ്ങള്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച്‌ സ്വന്തം ഘടകത്തില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഓരോ അംഗത്തിനും അവകാശമുണ്ട്. തിരുവായ്ക്ക് എതിര്‍വായില്ലാത്ത സ്ഥിതി ഈ പാര്‍ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്. ഇപ്പോള്‍ എല്ലാ സംസ്ഥാനത്തും പാര്‍ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ബ്രാഞ്ച് മുതല്‍ ലോക്കല്‍വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഏരിയ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതു കഴിഞ്ഞാല്‍ ജില്ലാ സമ്മേളനങ്ങള്‍. മാര്‍ച്ച്‌ ആദ്യവാരം സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ടി കോണ്‍ഗ്രസ്. ഈ രീതിയിലുള്ള ജനാധിപത്യ പ്രക്രിയ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും ബൂര്‍ഷ്വാ പാര്‍ടികള്‍ക്കോ സങ്കല്‍പ്പിക്കാന്‍ കഴിയുമോ.

കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഇടതുപക്ഷ സര്‍ക്കാരിനോടുള്ള അന്ധമായ എതിര്‍പ്പും അക്രമസമരങ്ങളും ഉപേക്ഷിക്കുകയാണ്. മതനിരപേക്ഷ കക്ഷിയാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കില്‍ മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിച്ച്‌ ബിജെപിയുടെ ഫാസിസ്റ്റ് രീതികളെ എതിര്‍ക്കാന്‍ തയ്യാറാകണം. ഇത് അവരുടെ ദേശീയ നേതൃത്വത്തിനും ബാധകമാണ്. സിപിഐ എമ്മിനോടുള്ള വിരോധം മൂത്ത് കേരളത്തിലെ വികസന പദ്ധതികളെ തുരങ്കംവയ്ക്കുന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന എന്തിനെയും എതിര്‍ക്കുകയെന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈനിനെതിരെ ബിജെപിയോടൊപ്പം ചേര്‍ന്ന് എതിര്‍ക്കുന്ന നിലപാട് കേരളത്തിന്റെ ഭാവിവികസനം ഓര്‍ത്ത് തിരുത്താന്‍ തയ്യാറാകണം. കിഫ്ബിയോടുള്ള ഇവരുടെ എതിര്‍പ്പും സംസ്ഥാന താല്‍പ്പര്യം മറന്നാണ്. ഈ സമീപനം മാറ്റുന്നില്ലെങ്കില്‍ ഭാവിതലമുറയോട് അവര്‍ സമാധാനം പറയേണ്ടിവരും.

No comments