മിഷൻ യുപി 2022..!! മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശ് ലക്ഷ്യമാക്കി AIMIM, 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഒവൈസി..!! ബിജെപിക്ക് വേണ്ടി..
2022 തുടക്കത്തില്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു വരികയാണ്.
BJP, കോണ്‍ഗ്രസ്, SP, BSP തുടങ്ങിയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ജാതി, മത അടിസ്ഥാനത്തില്‍ വോട്ട് ഏറെ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശിലേയ്ക്ക് രംഗപ്രവേശം ചെയ്യുകയാണ് AIMIM. ഉത്തര്‍ പ്രദേശിലെ 403 നിയമസഭാ സീറ്റുകളില്‍ 100 സീറ്റുകളിലെങ്കിലും തങ്ങളുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. കൂടാതെ, മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.
"ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചു. നിലവില്‍ 100 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും. ഒന്നോ രണ്ടോ പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ച നടത്തുകയാണ്, സഖ്യമുണ്ടാക്കണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് ഉറപ്പാണ്", എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
"ഉത്തര്‍പ്രദേശില്‍ AIMIM-ന്‍റെ സാന്നിധ്യം വളരെ ശക്തമായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇന്ന്, ധാരാളം വോട്ടുകള്‍ നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും സാധിക്കും", അദ്ദേഹം പറഞ്ഞു.
`Bhaagidari Sankalp Morcha' യുടെ ഭാഗമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടിയായ AIMIM മത്സരിച്ചിരുന്നു. എന്നാല്‍, ഒരു സീറ്റിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണ്ണായകമാവുകയാണ്. അതായത്, ഈ മണ്ഡലങ്ങളില്‍ കുറഞ്ഞത് 30-39% വോട്ടര്‍മാര്‍ മുസ്ലീങ്ങളാണ്. 44 സീറ്റുകളില്‍ ഈ ശതമാനം 40-49% വരെ ഉയരും. എന്നാല്‍, 11 മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടര്‍മാര്‍ 50-65% വരെയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ BJP ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ആകെയുള്ള, 403 സീറ്റുകളില്‍ 312 സീറ്റുകളില്‍ BJP വിജയം നേടിയിരുന്നു. SP 47 മണ്ഡലങ്ങളില്‍ വിജയം നേടിയപ്പോള്‍ , BSP 19 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും വിജയിച്ചു.
No comments