പാലായിലെ ജനങ്ങളോട് തോറ്റ ജോസിന്റെ എം. പി. ഫണ്ടും, ജയിച്ച കാപ്പന്റെ എം. എല്‍.എ ഫണ്ടും..!! പാലായില്‍ ഇനി നടക്കുന്നത് കാപ്പൻ Vs ജോസ് പോരാട്ടം..
ജോസ് കെ. മാണി വീണ്ടും രാജ്യസഭാ എം.പി ആകുന്നതോടെ പാലായില്‍ പ്രോട്ടോക്കോളില്‍ ജോസ് ഒന്നാമനും മാണി സി.കാപ്പന്‍ എം.എല്‍.എ രണ്ടാമനുമാകും. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ കഴിഞ്ഞ ജനുവരിയില്‍ എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ കാപ്പനോട് മത്സരിച്ചു തോറ്റ ജോസ് പത്തുമാസത്തിന് ശേഷം വീണ്ടും എം.പിയാകുകയാണ്. .
പൊതുപരിപാടികളില്‍ ഇപ്പോള്‍ ജോസിന് പാര്‍ട്ടി നേതാവിന്റെ സ്ഥാനമേ ഉള്ളൂ. എം.പിയാകുന്നതോടെ പൊതു പരിപാടി നോട്ടീസില്‍ പോലും എം.എല്‍.എക്ക് മുകളിലാകും ജോസിന്റെ സ്ഥാനം. എല്ലാ പരിപാടികളിലും പ്രോട്ടോക്കോള്‍ അനുസരിച്ച് മുന്‍ഗണനയും ലഭിക്കും.
ഓരോ വര്‍ഷവും അഞ്ച് കോടി രൂപ വികസന ഫണ്ട് ഇനത്തില്‍ എം.പിക്ക് ലഭിക്കും. പാലായിലെ വികസനത്തിന് ഇനി എം.പി, എം.എല്‍എ ഫണ്ട് ഉപയോഗിക്കുന്നതില്‍ ജോസ്, കാപ്പന്‍ മത്സരം നടക്കുമെന്ന് ഉറപ്പാണ് . ഇരുവരും ചേര്‍ന്ന് "തേനും പാലുമൊഴുക്കുന്ന "വികസന കുതിപ്പില്‍ പാലാ എത്തുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷിക്കാം. നിലവില്‍ പാലായില്‍ എന്തു വികസനം വന്നാലും അത് ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടമാക്കി മുന്നണി ഘടകകക്ഷി നേതാവായ ജോസും എം.എല്‍.എ എന്ന നിലയില്‍ തന്റെ കഴിവാക്കി കാപ്പനും അവകാശ വാദ മുന്നയിക്കുകയാണ്. അവസാനം പാലാ ബൈപ്പാസിന് തടസമായി നിന്ന സ്ഥലം നഷ്ടപരിഹാരം നല്‍കി അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുപ്പ് തുടങ്ങിയതോടെ ഇത് തന്റെ നേട്ടമാക്കി കാപ്പന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഉദ്ഘാടന ചടങ്ങും നടത്തി .ഇതിനെ പരിഹസിച്ച് പാലാ നഗരസഭയിലെ കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ അടക്കമുള്ളവര്‍ ചടങ്ങ് ബഹിഷ്കരിച്ചത് ചര്‍ച്ചാ വിഷയമായിരുന്നു.
2024 വരെയാണ് രാജ്യസഭാ എം.പിയായി ജോസിന് പ്രവര്‍ത്തിക്കാന്‍ കഴിയുക. ഇനി മൂന്നു വര്‍ഷ കാലാവധിയുണ്ട്. പാലായില്‍ പാതി വഴിയില്‍ നിലച്ച പല പദ്ധതികളുടെയും പൂര്‍ത്തികരണത്തിനും ഫണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇത് തന്റെ നേട്ടമാക്കി ജോസിന് ചിത്രീകരിക്കാം. 2025ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് . എം.പി കാലാവധി അവസാനിച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി ഫണ്ടുപയോഗിച്ചുള്ള വികസന നേട്ടങ്ങളുയര്‍ത്തിപ്പിടിച്ച് പാലായില്‍ ജോസിന് വോട്ടു തേടാനും കഴിയും. എതിരാളി കാപ്പനെങ്കില്‍ ഇഞ്ചോടിഞ്ചുള്ള വികസന പോരായിരിക്കും നടക്കുക.
No comments