പുതിയ പാര്‍ട്ടി ഉണ്ടാക്കുമോ..?? അടുത്തത് എന്താണെന്ന് പറയാനാകില്ല -ഗുലാം നബി ആസാദ്..
രാഷ്ട്രീയത്തില്‍ ഇനി എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ അറിയില്ലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
താന്‍ ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുമായി തുടരുന്ന ഗുലാംനബിയുടെ വെളിപ്പെടുത്തല്‍.
ജമ്മു കശ്മീരിലുടനീളം ആസാദ് നടത്തിയ നിരവധി യോഗങ്ങള്‍ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ വിശ്വസ്തരായ 20 പേര്‍ കോണ്‍ഗ്രസ് സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചതാണ് ചര്‍ച്ചക്ക് കാരണമായത്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാണ് റാലികള്‍ ഉദ്ദേശിക്കുന്നതെന്ന് ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമര്‍ശനത്തിന് സ്ഥാനമില്ലെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കോണ്‍ഗ്രസിന്‍റെ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആസാദ് പറഞ്ഞു.
'ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഒരുപക്ഷെ, ഇന്ദിരാഗാന്ധിയും രാജീവ് ജിയും കാര്യങ്ങള്‍ തെറ്റായി പോകുമ്ബോള്‍ ചോദ്യം ചെയ്യാനുള്ള അമിത സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടാകാം. അവര്‍ ഒരിക്കലും വിമര്‍ശനത്തെ കാര്യമാക്കിയില്ല. അവര്‍ അതിനെ അപകീര്‍ത്തികരമായി കാണില്ല. ഇന്ന് നേതൃത്വം അതിനെ അപമാനകരമായി കാണുന്നു'. റമ്ബാനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം എന്‍.ഡി ടി.വിയോട് പറഞ്ഞു. 'രാജീവ് ജി രാഷ്ട്രീയത്തില്‍ വന്നപ്പോള്‍, ഇന്ദിരാഗാന്ധി ഞങ്ങളെ രണ്ടുപേരെയും വിളിച്ച് രാജീവ് ജിയോട് പറഞ്ഞു, ഗുലാം നബിക്ക് എന്നെ വേണ്ടെന്ന് പോലും പറയാന്‍ കഴിയും, എന്നാല്‍ അനുസരണക്കേട് അല്ലെങ്കില്‍ അനാദരവ് എന്നല്ല അര്‍ത്ഥമാക്കുന്നത്, അത് പാര്‍ട്ടിയുടെ നന്മക്കാണ്. ഇന്ന് ആരും ഇല്ല. ആരും കേള്‍ക്കാന്‍ തയ്യാറല്ല -അദ്ദേഹം പറഞ്ഞു.
താന്‍ എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും അറിയാത്തതുപോലെ രാഷ്ട്രീയത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ലെന്നും രാഷ്ട്രീയത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ലക്ഷക്കണക്കിന് പിന്തുണക്കാര്‍ക്ക് വേണ്ടി തുടരാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
No comments