Breaking News

ഗോവ പിടിക്കാന്‍ തന്ത്രങ്ങളുമായി തൃണമൂൽ..!! മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുമായി സഖ്യം..!! കോൺഗ്രസിനും ബിജെപിക്കും..

 


ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത ബാനര്‍ജി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുമായി തൃണമൂല്‍ സഖ്യത്തിലേര്‍പ്പെട്ടു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ മുന്നോടിയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്നത്. തൃണമൂല്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.

2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോഴും എംജിപി അടക്കമുള്ള ചെറുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഗോവയില്‍ അധികാരം പിടിച്ചത്. 2007ല്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു എംജിപി. എന്നാല്‍ 2017ല്‍ മൂന്ന് എംഎല്‍എമാരുമായി ബിജെപിയ്‌ക്കൊപ്പം കൂടിയ എംജിപിയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. രണ്ട് എംഎല്‍എമാര്‍ രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം ഒന്നായി ചുരുങ്ങുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഗോവയിലെ നിരവധി നേതാക്കളാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്. ഗോവ മുന്‍ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ കോണ്‍ഗ്രസുമായുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച്‌ ടി.എം.സിയില്‍ ചേര്‍ന്നിരുന്നു. നേരത്തെ നടിയും മുന്‍ മിസ് ഇന്ത്യയുമായ നഫീസ അലിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സാമൂഹ്യപ്രവര്‍ത്തക കൂടിയായ നഫീസ അലി എയ്ഡ്‌സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് നഫീസയെ മലയാളികള്‍ക്ക് പരിചയം. ചിത്രത്തില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്.

40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ്. ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും ഗോവ സാക്ഷ്യം വഹിക്കുക. ലോക്‌സഭാ എംപിയും നടിയുമായ മെഹുവ മോയിത്രയ്ക്കാണ് മമത ബാനര്‍ജി ഗോവയുടെ ചുമതല നല്‍കിയിരിക്കുന്നത്.

No comments