Breaking News

അടിക്ക് തിരിച്ചടി..!! പഞ്ചാബ് സര്‍ക്കാരിനെതിരെ ധര്‍ണയില്‍ പങ്കെടുത്ത് കെജ്രിവാൾ..!! ഡല്‍ഹി സര്‍ക്കാരിനെതിരെ ധര്‍ണയുമായി സിദ്ദു..

 


പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും മറുപടിയായി അതേനാണയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

ഞായറാഴ്ച ഡല്‍ഹിയിലെ കെജ് രിവാളിന്റെ വസതിക്ക് മുന്‍പില്‍ നടന്ന ഗസ്റ്റ് അദ്ധ്യാപകരുടെ പ്രതിഷേധത്തില്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവും പങ്കുചേര്‍ന്നു.

ഗസ്റ്റ് അദ്ധ്യാപകര്‍ നടത്തിയ സംയുക്ത ധര്‍ണയിലാണ് സിദ്ധുവും പങ്കെടുത്തത്. പഞ്ചാബ് സര്‍ക്കാരിനെതിരെ കെജ് രിവാള്‍ ആക്രമണം ശക്തമാക്കിയതോടെ ഡല്‍ഹി സര്‍ക്കാരിനെതിരെ സമാനമായ പ്രതിഷേധമുയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗസ്റ്റ് അദ്ധ്യാപകര്‍ പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാരിനെതിരെ മൊഹാലിയില്‍ അദ്ധ്യാപകര്‍ നടത്തിയ സമരത്തിനൊപ്പം കെജ് രിവാള്‍ അണിചേര്‍ന്നിരുന്നു. മാത്രമല്ല ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോഡിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയുടെ മണ്ഡലത്തിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഡല്‍ഹിയില്‍ കെജ് രിവാള്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അതേ നാണയത്തില്‍ തിരിച്ചടിച്ചത്.

പ്രതിഷേധവേദിയില്‍ സമരക്കാര്‍ക്കൊപ്പം സിദ്ധുവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ട്വിറ്ററിലൂടെ എഎപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ മാതൃകയെയും സിദ്ധു വിമര്‍ശിച്ചു. ഗസ്റ്റ് അദ്ധ്യാപകരെ ബോണ്ട് നല്‍കിയ തൊഴിലാളികളായി മാത്രമാണ് കെജ് രിവാള്‍ സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും സിദ്ധു പറഞ്ഞു.

ഡല്‍ഹിയുടെ വിദ്യാഭ്യാസ മോഡല്‍ കരാര്‍ വിദ്യാഭ്യാസം പോലെയാണെന്നും അഞ്ച് വര്‍ഷത്തിനുളളില്‍ ഡല്‍ഹിയിലെ തൊഴിലില്ലായ്മ അഞ്ച് മടങ്ങായി ഉയര്‍ന്നുവെന്നും സിദ്ധു വിമര്‍ശിച്ചു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ക്യാമ്ബെയ്‌നില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ മാതൃകയാണ് എഎപി പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു ഘടകം. ഇത് പൊളിച്ചെഴുതുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

No comments