Breaking News

കണ്ണൂരിൽ വീണ്ടുമൊരു സഹകരണ യുദ്ധം..!! ഇത്തവണ പോര് സുധാകരനും മമ്പറം ദിവാകരനും തമ്മിൽ..!! നാളെ അറയാം ജനങ്ങൾ ആരുടെ കൂടെയെന്ന്..

 


സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഹകരണ സ്ഥാപനങ്ങളും സംഘങ്ങളുമുള്ള ജില്ലയാണ് കണ്ണൂര്‍. കടലാസ് സംഘങ്ങള്‍ മുതല്‍ കോടികള്‍ ആസ്തിയുള്ളതു വരെ ഇവിടെയുണ്ട്.

സി.പി. എം നിയന്ത്രണത്തിലുള്ള സംഘങ്ങളാണ് ഏറെയും. എന്നാല്‍ അവര്‍ തേങ്ങ ഉടയ്ക്കുമ്ബോള്‍ തങ്ങള്‍ ചിരട്ടയെങ്കിലും മുട്ടണമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഏതാനും സംഘങ്ങളും കണ്ണൂരിലുണ്ട്. സഹകരണ സംഘങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിമാനസ്തംഭങ്ങള്‍ കൂടിയാണ്. സംഘങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ ആള്‍ബലവും സംഘബലവും വര്‍ദ്ധിക്കുമെന്നതാണ് സഹകരണ പ്രത്യയശാസ്ത്രം.

സഹകരണ സംഘങ്ങള്‍ നിലനിറുത്താനും പിടിച്ചെടുക്കാനും തെരുവ് യുദ്ധങ്ങള്‍ തന്നെ നടന്ന നാടാണ് കണ്ണൂരെന്നത് ചരിത്രം. ഐഡന്റിറ്റി കാര്‍ഡ് തട്ടിയെടുക്കല്‍, എതിരാളികളെ ഭീഷണിപ്പെടുത്തല്‍, സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകല്‍, ബോംബേറ് തുടങ്ങിയ കലാപരിപാടികള്‍ക്ക് പുറമെ തമ്മില്‍ത്തല്ലി ചോര ചിന്തിയ സഹകരണ സംഘം തിരഞ്ഞെടുപ്പ് വരെ കണ്ണൂര്‍ കണ്ടിട്ടുണ്ട്. കണ്ണൂരിലെ എ.കെ. ജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ തിരഞ്ഞെടുപ്പുകള്‍ അവയില്‍ ചിലത് മാത്രമാണ്.

അതൊക്കെ പഴങ്കഥയായി കരുതുന്നതിനിടെയാണ് വീണ്ടും ഒരു സഹകരണ സംഘം തിരഞ്ഞെടുപ്പിന് കണ്ണൂരില്‍ കളമൊരുങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയുടെ പേരിലാണ് കൊമ്ബു കോര്‍ക്കല്‍. സാധാരണ സി.പി. എമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരം . എന്നാല്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോര് കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലാണ് .

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗവും നിലവിലുള്ള ആശുപത്രി പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന മമ്ബറം ദിവാകരനും തമ്മിലുള്ള ഗ്രൂപ്പ് തിരിഞ്ഞ പോര്. കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ മത്സരത്തിനിറങ്ങിയതിന്റെ പേരില്‍ മമ്ബറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി. കാല്‍നൂറ്റാണ്ടിലേറെയായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ദിവാകരനെ പുറത്താക്കിയത് എന്തിനാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ ധിക്കരിച്ചുവെന്നാണ് നേതാക്കള്‍ നല്‍കുന്ന മറുപടി. പുറത്താക്കപ്പെട്ട താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നാണ് ദിവാകരന്‍ പറയുന്നത്.

മമ്ബറം ദിവാകരനെ പുറത്താക്കി ഭരണം പിടിക്കാനുള്ള ഒളിയുദ്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ . തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ പ്രതിരോധതന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് ദിവാകരനെതിരെ അച്ചടക്ക നടപടി വന്നത്.

ഏറെക്കാലമായി കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രമുഖരായ ദിവാകരനും സുധാകരനും തമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ദിവാകരന്റെ പാനലില്‍ സി.പി. എം നോമിനികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുധാകര അനുകൂലികളുടെ ആരോപണം. മുമ്ബ് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, സി.ടി. സജിത് എന്നിവര്‍ തോറ്റതു മുതല്‍ സുധാകര പക്ഷം ജാഗ്രതയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരനെതിരെ ദിവാകരന്‍ പരസ്യമായി രംഗത്തു വന്നതും തുറന്ന പോരിന് കാരണമായി.

മമ്ബറം ദിവാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പാനലാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ മത്സരരംഗത്തുള്ളത്. തുടര്‍ന്ന് ദിവാകരന്‍ മറ്റൊരു പാനലുമായി രംഗത്ത് വരികയായിരുന്നു. മമ്ബറത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം നേടിക്കൊടുത്ത ദിവാകരനെ മാറ്റിനിറുത്തിയാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാകുന്നതിനെതിരെ മമ്ബറം ദിവാകരന്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയത് ഔദ്യോഗികവിഭാഗത്തെ പ്രകോപിച്ചു. സുധാകരന്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും സംഘടനാ രംഗത്ത് അതിക്രമങ്ങള്‍ കാണിച്ചെന്നും സ്വകാര്യ ടി.വി. ചാനലില്‍ പറഞ്ഞത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനാണ് മമ്ബറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറയുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ പലതവണ ആശുപത്രി പ്രസിഡന്റ് കൂടിയായ മമ്ബറം ദിവാകരനുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നല്‌കുന്ന ലിസ്റ്റില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ലിസ്റ്റ് തള്ളി സ്വന്തം പാനലില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് കെ.മുരളീധരന്‍ എം.പിയും മേയര്‍ അഡ്വ. ടി.ഒ മോഹനനും ഉള്‍പ്പെടെയുള്ളവര്‍ ദിവാകരനുമായി ബന്ധപ്പെട്ടെങ്കിലും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ആശുപത്രിയില്‍ ഒരു മത്സരം ഒഴിവാക്കാന്‍ ഡി.സി.സി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

No comments