'കോണ്‍ഗ്രസ് യുക്ത് ബി.ജെ.പി' : ആര്‍.പി.എന്‍ സിങ്ങിന്‍റെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി ശശി തരൂര്‍..
മുന്‍ കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എം.പി.
ബി.ജെ.പിയുടെ പ്രചാരണ ഉപാധിയായ 'കോണ്‍ഗ്രസ് മുക്ത് ഭാരത് ' എന്ന വാക്കിനെ ഉദ്ധരിച്ച് നിലവില്‍ 'കോണ്‍ഗ്രസ് യുക്ത് ബി.ജെ.പി ' അഥവാ കോണ്‍ഗ്രസ് ഉള്ള ബി.ജെ.പിയാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ, ആര്‍.പി.എന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
"ആര്‍.പി.എന്‍ സിങ് വീട് വിട്ടുപോവുകയാണ്, ഒരുപക്ഷേ അദ്ദേഹത്തിന് മറ്റ് സ്വപ്നങ്ങളുള്ളത് കൊണ്ടാകാം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. പക്ഷേ അവിടെ മുഴുവന്‍ നമ്മുടെ ആളുകളാണുള്ളത് " - തരൂര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തോട് സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ നമ്മുടേതാകില്ലെന്നും നമ്മുടെ ആളുകളെയും സ്വപ്നങ്ങളെയും തിരഞ്ഞുകൊണ്ട് ബി.ജെ.പിയിലേക്ക് പോകേണ്ടതില്ലെന്നും ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് ദേശീയ വക്താവായ പവന്‍ ഖേര പറഞ്ഞു.
വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളിലേക്ക് കൂറുമാറുന്നവര്‍ ഭീരുക്കളാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെയും നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രവൃത്തികളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നുമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആര്‍.പി.എന്‍ സിങ് അഭിപ്രായപ്പെട്ടത്.
No comments