Breaking News

യു.പിയില്‍ കപ്പ് ആര്‍ക്ക്..?? പ്രതീക്ഷയിൽ കോൺഗ്രസും എസ്പിയും..!! നിലനിൽപ്പിന് വേണ്ടി ബിജെപി..

 


ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലേക്കുള്ള ചൂണ്ടുപലകയാണ്. യു പിയില്‍ നിര്‍ണായകമല്ലാത്ത മമതാ ബാനര്‍ജിയും അരവിന്ദ് കെജ് രിവാളും ശരദ് പവാറുമൊക്കെ നിരന്തര ഇടപെടലുമായി കളത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നത് ഇതുകൊണ്ടു തന്നെ.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്നപ്പോള്‍ ബി.ജെ.പിയും എസ് പിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസും ബി.എസ്.പിയും ആം ആദ്മിയും എ.ഐ.എം.എം സഖ്യവുമൊക്കെ കളത്തിലുണ്ടായിരുന്നു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് 2017 ല്‍ ബി.ജെ.പി തൂത്തുവാരിയ പ്രദേശമാണ്. ഇന്ന് പാര്‍ട്ടി ഏറ്റവും കടുത്ത പോരാട്ടം നേരിടുന്നതും ഇവിടെത്തന്നെ. 2013 ലെ മുസാഫര്‍ കലാപവും കര്‍ഷക സമരവുമാണ് യഥാക്രമം ബി.ജെ.പിയും എസ്.പിയും പ്രചാരണ വിഷയമാക്കിയത്.

പടിഞ്ഞാറന്‍ യു പിയില്‍ മേല്‍ക്കൈ നേടുമെന്ന് എസ്. പി - ആര്‍. എല്‍ .ഡി സഖ്യം അവകാശപ്പെടുന്നു. ഏറ്റവുമൊടുവില്‍ വന്ന അഭിപ്രായ സര്‍വേയിലാണ് ബി.ജെ.പിക്ക് നേരിയ പ്രതീക്ഷ. തിരിച്ചടി പ്രവചിക്കുമ്ബോഴും ബി.ജെ.പി തന്നെയാകും കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന സര്‍വേ എസ്. പി മുന്നണി തള്ളിക്കളയുകയാണ്. ജയിലില്‍ കിടക്കുന്ന എസ്. പി നേതാവ് അസംഖാനെ ചൂണ്ടിക്കാട്ടി ക്രമസമാധാന പ്രശ്നം പ്രചാരണ വിഷയമാക്കാന്‍ പ്രധാനമന്ത്രി പോലും തയാറായി. ഇത് വനിതാ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നാണ് ഒടുവില്‍ വന്ന സര്‍വ്വേ. 75 ശതമാനം സ്ത്രീകള്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുകയാണെന്ന് പ്രവചനം വ്യക്തമാക്കുന്നു. പടിഞ്ഞാറന്‍ യു.പിയിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളും ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നു. ജാട്ട് കര്‍ഷകരുടെ രോഷം വോട്ടായി മാറ്റാന്‍ പ്രധാനമന്ത്രിയായിരുന്ന ചരണ്‍ സിംഗിന്റെ കൊച്ചുമകന്‍ ജയന്ത് ചൗധരിയും അഖിലേഷ് യാദവും ചേര്‍ന്ന് കഠിനാദ്ധ്വാനം നടത്തിയിട്ടുണ്ട്. ഒപ്പം മുസ്ലിം വോട്ടുകളിലെ ഏകീകരണത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നു. 2017 ല്‍ ബി.ജെ.പി നടത്തിയ സോഷ്യല്‍ എന്‍ജിനിയറിംഗ് വളരെ നിശബ്ദമായി പകര്‍ത്തി മുന്നേറ്റം നടത്താനുള്ള അഖിലേഷിന്റെ ശ്രമവും ഒരു പരിധി വരെ വിജയിച്ചു. ബി.ജെ.പി അനുകൂല ഒ.ബി.സി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ എസ്. പിക്ക് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന വിവിധ ജാതികളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ യു.പിയുടെ പ്രത്യേകതയാണ്. ഇവര്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താറുണ്ട്. ഇത്തവണ കൂടുതല്‍ ചെറുകക്ഷികളെ ഒപ്പം നിര്‍ത്താന്‍ അഖിലേഷ് യാദവിന് സാധിച്ചു.

അപ്നാദള്‍ (എസ്- കൂര്‍മി സമുദായം ), നിഷാദ് പാര്‍ട്ടി ( നിഷാദ്, ബിന്ദ, മല്ല സമുദായങ്ങള്‍), ഭാരതീയ മാനവ് സമാജ് പാര്‍ട്ടി ( ബിന്ദ്, കാശ്യപ് ,മല്ല സമുദായങ്ങള്‍ ) എന്നീ സംഘടനകള്‍ ബി.ജെ.പി യോടൊപ്പമാണ്.

അപ്നാദള്‍ വിമത വിഭാഗം (കൂര്‍മി സമുദായം), സുഹല്‍ദേവ് രാജ് ഭര്‍ ഭാരതീയ സമാജ് പാര്‍ട്ടി ( ഭര്‍, രാജ്ഭര്‍ സമുദായങ്ങള്‍), മഹാന്‍ ദള്‍ ( മൗര്യ, കുശ്‌വാഹ, ശാക്യ സമുദായങ്ങള്‍), ജനവാദി പാര്‍ട്ടി (എസ്- നോനിയ സമുദായം), ഭാഗിദാരി പാര്‍ട്ടി (കുംഹാര്‍ സമുദായം), ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി (കശ്യപ് ,നിഷാദ്, മല്ല സമുദായങ്ങള്‍), പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി ( യാദവ്, മറ്റ് ഒ.ബി.സി വിഭാഗങ്ങള്‍), ജനതാ ക്രാന്തി പാര്‍ട്ടി (നോനിയ സമുദായം), രാഷ്ട്രീയ ഉദയ് പാര്‍ട്ടി(പാല്‍, ഭാഗേല്‍ സമുദായങ്ങള്‍), ക്വാമി ഏകതാദള്‍ (മുസ്ലിം സമുദായം), സമാധാന്‍ പാര്‍ട്ടി(മുസ്ലിം) എന്നീ സമുദായ സംഘടനകള്‍ എസ്.പിയോടൊപ്പവും നില്‍ക്കുന്നു. കുശ്‌വാഹ സമുദായത്തില്‍ സ്വാധീനമുള്ള ജന്‍ അധികാര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായി സഖ്യം ചെയ്ത് ഒവൈസിയുടെ എ.ഐ.എം.എം മുസ്ലിം പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ പോരാടുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രൂപം നല്‍കിയ ആസാദ് സമാജ് പാര്‍ട്ടി അഖിലേഷുമായി തെറ്റി പിരിഞ്ഞ് തനിച്ച്‌ പോരാടുകയാണ്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയാണ് ലോക് കല്യാണ്‍ സങ്കല്പ് പത്ര. എക്കാലത്തും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിഷയമായിരുന്ന അയോദ്ധ്യയെ കുറിച്ചോ വിവാദ കേന്ദ്രമായ മഥുരയെ കുറിച്ചോ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ കാശിയെ കുറിച്ചോ പരാമര്‍ശമില്ലാത്ത പ്രകടന പത്രികയില്‍ ലവ് ജിഹാദും കര്‍ഷക പ്രീണന പദ്ധതികളുമാണ് ഇടം പിടിച്ചത്. അയോദ്ധ്യയ്ക്കും മഥുരയ്ക്കും പകരം ലവ് ജിഹാദ് നിയമവും ക്രമസമാധാന പ്രശ്നവും ഹിന്ദുത്വ അജണ്ടയെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു. കര്‍ഷകര്‍ക്ക് സൗജന്യ പദ്ധതി, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി വിളകള്‍ക്ക് മിനിമം താങ്ങുവില, കുഴല്‍ കിണറുകള്‍ക്ക് സബ്ബ്സിഡി, പഞ്ചസാരമില്ലുകളുടെ നവീകരണം, ആറ് മെഗാ ഫുഡ് പാര്‍ക്കുകള്‍, എല്ലാ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്ക് തൊഴില്‍, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് 25,000 രൂപ, വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് 5,000 കോടി, 75 ജില്ലകളിലും ഡയാലിസിസ് യൂണിറ്റ്, പൊതുഗതാഗതങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര, തുടങ്ങിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളത്.

സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് സമാജ് വാദി വചന പത്ര. സര്‍ക്കാര്‍ സര്‍വീസില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണവും ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കിയതും പൊതുഗതാഗതത്തിലെ സൗജന്യവും ഉയര്‍ത്തി സമാജ് വാദി പാര്‍ട്ടി

ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കുന്നു. എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പ് നല്‍കുന്നു. ദരിദ്ര കര്‍ഷകര്‍ക്ക് കടാശ്വാസ നിയമം, പലിശരഹിത വായ്പ, സൗജന്യമായി വളം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം, എം.എസ്.എം.ഇ മേഖലയില്‍ ഒരു കോടി തൊഴില്‍, എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം, തുടങ്ങിയ വാഗ്ദാനങ്ങളും എസ്.പി പ്രകടനപത്രികയിലുണ്ട്.

സംസ്ഥാനത്തെ 50 ലേറെ മണ്ഡലങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.എം പിടിക്കുന്ന മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാകും. അവസാന ലാപ്പില്‍ ഉണര്‍ന്നെണീറ്റ മായാവതിയുടെ ബി.എസ്.പിയെ ഇത് സാരമായി ബാധിക്കും. മത്സരരംഗത്തുള്ള അസംഖാനെ ഉപയോഗിച്ച്‌ ഇതിനെ പ്രതിരോധിക്കാന്‍ എസ്. പി നടത്തിയ നീക്കം ജയിലിലുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ അത്ര ഫലവത്തായില്ല.

No comments