Breaking News

നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം.. പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ..

 


അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ നിലപാട് കടിപ്പിക്കുന്നു.

ദില്ലിയില്‍ ഗുലാം നബി ആസാദിന്‍റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാ‍ര്‍ഗെയെയോ നേതൃസ്ഥാനമേല്‍പ്പിക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കള്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതിയില്‍ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കള്‍ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജി 23 എന്നാല്‍ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാര്‍ മുമ്ബൊരിക്കല്‍ പറഞ്ഞത്.

മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങള്‍.

നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം. സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.

No comments