66ആം പിറന്നാള്‍ ദിനത്തില്‍ അമിത്ഷായുടെ ആശംസ തന്റെ മനസിനെ സ്പര്‍ശിച്ചെന്ന് ശശി തരൂർ..!! കോൺഗ്രസ് നേതാക്കളുടെ..
ശശി തരൂരിന്റെ അറുപത്തിയാറാം പിറന്നാളിന് ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഫോണ്‍ വിളി തന്നെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, തന്റെ മനസിനെ സ്പര്‍ശിക്കുക കൂടി ചെയ്തുവെന്ന് ശശി തരൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
ഇതോടൊപ്പം ശശി തരൂര്‍ കുറിച്ച മറ്റൊരു വാചകമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകരിലും ചര്‍ച്ചയായിരിക്കുന്നത്. ’66 വയസാകുന്നതില്‍ എന്തോ പ്രത്യേകത ഉണ്ടാകണം !’ ഇതായിരുന്നു അമിത്ഷാ വിളിച്ചതിനൊപ്പം തരൂര്‍ പ്രത്യേകം എടുത്തു പറഞ്ഞത്.
ഒപ്പം അമിത്ഷായുടെ നല്ലവാക്കുകള്‍ക്ക് നന്ദിയും തരൂര്‍ പങ്കുവച്ചു. തരൂരിനെ പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. അതേസമയം അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ തലേദിവസം തന്നെ തരൂര്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുന്ന ജി23 ഗ്രൂപ്പിലെ പ്രമുഖനാണ് തരൂര്‍. നാളെ നടക്കുന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി തന്നെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. ഇതു വോട്ടെണ്ണലിലും കണ്ടാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയരും.
ഇതിന്റെ ആദ്യപടി തന്നെയാകും ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഈ സന്ദേശം എന്നു തന്നെയാണ് വിലയിരുത്തല്‍. മുമ്ബു തന്നെ ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യങ്ങള്‍ തരൂരിന് നേരെ ഉയര്‍ന്നപ്പോഴെല്ലാം തരൂര്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. ബിജെപി ക്യാമ്ബിനെ രാഷ്ട്രീയമായി എതിര്‍ക്കുമ്ബോഴും അവരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ അദ്ദേഹം മറ്റു ചില സൂചനകള്‍ കൂടി നല്‍കുന്നു എന്നതാണ് ശ്രദ്ധേയം. അമിത്ഷായുടെ വിളി ആശ്ചര്യപ്പെടുത്തുന്നു എന്നതിനപ്പുറം മനസിനെ സ്പര്‍ശിക്കുന്നു എന്നു കൂടി അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അതുകൊണ്ടു തന്നെ വെറുമൊരു ആശംസാ സന്ദേശം മാത്രമായി അമിത്ഷായുടെ വിളി കരുതാനും കഴിയില്ല.
അതേസമയം ഇപ്പോള്‍ കേരളത്തിലുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാരും തരൂരിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായി അദ്ദേഹം കുറിച്ചിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തരൂരിനെ അവഗണിച്ചുവെന്നു തന്നെയാണ് സൂചന. ഇതു കൂടി കണക്കിലെടുത്താണ് തരൂരിന്റെ സന്ദേശമെന്നും വിലയിരുത്തപ്പെടുന്നു.
No comments