പഞ്ചാബില്‍ കോണ്‍ഗ്രസിനെ 'ആപ്പിലാക്കിയ' അഞ്ച് കാരണങ്ങൾ..
കോണ്‍ഗ്രസിന്റെ കോട്ടയായ പഞ്ചാബില്‍ ആപിന്റെ 'ഡല്‍ഹി മോഡല്‍' കൊടി പാറിക്കുമ്ബോള്‍ അതിന്റെ കാരണങ്ങളെന്താകാം.
പ്രധാനമായും അഞ്ചുകാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
1. ജനം ആഗ്രഹിച്ച മാറ്റം
കാലങ്ങളായി ശിരോമണി അകാലിദളും കോണ്‍ഗ്രസുമാണ് പഞ്ചാബില്‍ മാറി മാറി ഭരണത്തിലെത്തിയിരുന്നത്. അടുത്തിടെ വരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. 2017 ല്‍ അധികാരത്തിലേറിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അകാലികളുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അകാലിദള്‍ നേതാക്കളായ ബാദലുമാര്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാറിന്റെ തണുപ്പന്‍ മട്ടായിരുന്നു ഇതിന് കാരണം.
കോണ്‍ഗ്രസും അകാലികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രതീതി അങ്ങനെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രബലമായി. അതിനാല്‍ തന്നെ ഇത്തവണ പഞ്ചാബില്‍ ആകെയും മാള്‍വ മേഖലയില്‍ പ്രത്യേകിച്ചും ജനം മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. ഏഴുപതിറ്റാണ്ടായി തുടരുന്ന ഈ കക്ഷികളുടെ വാഴ്ചയില്‍ നിന്ന് ഒരു മാറ്റം ജനം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കൃത്യമായ ബദലുമായി അവതരിച്ച ആപിനെ അവര്‍ പരിഗണിക്കുന്നത്.
2. ഡല്‍ഹി മോഡല്‍
ഡല്‍ഹിയില്‍ പരീക്ഷിച്ച് വിജയിച്ച ഭരണ മാതൃകയാണ് അരവിന്ദ് കെജ്‍രിവാള്‍ പഞ്ചാബികള്‍ക്ക് മുന്നില്‍വെച്ചത്. നാലു സ്തംഭങ്ങളില്‍ അധിഷ്ഠിതമായിരുന്നു ആ മാതൃക. ഗുണമേന്മയുള്ള സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സംവിധാനവും ആരോഗ്യ മേഖലയും പിന്നെ കുറഞ്ഞ ചെലവിലുള്ള വെള്ളവും വൈദ്യുതിയും. കാര്‍ഷിക പ്രധാനമായ പഞ്ചാബില്‍ കാലങ്ങളായി വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലാകട്ടെ സ്വകാര്യമേഖലയുടെ വാഴ്ചയും. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് പെട്ടന്ന് തന്നെ ആപ് മാതൃകയോട് ആഭിമുഖ്യം തോന്നിയത് സ്വാഭാവികം.
3. യുവാക്കളും വനിതകളും
യുവ, വനിത വോട്ടര്‍മാരില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ആപിന് ലഭിച്ചത്. സംസ്ഥാനത്തെ കാര്‍ന്നുതിന്നുന്ന അഴിമതി തുടച്ചുനീക്കുമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ നവീകരിക്കുമന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുമുള്ള കെജ്രിവാളിന്റെ പ്രഖ്യാപനം തരംഗം സൃഷ്ടിച്ചു. വനിതകളുടെ അക്കൗണ്ടില്‍ പ്രതിമാസം ആയിരം രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനം വോട്ടിലുണ്ടായി. ഭര്ത്താക്കന്മാരുടെയും പിതാക്കന്മാരുടെയും നിഴലില്‍ നിന്ന് മാറ്റി, വനിതകളെ പ്രത്യേക വോട്ടുബാങ്കായി കണ്ട് കെജ്രിവാള്‍ നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധേയമായിരുന്നു.
4. ഭഗവന്ത് മാന്‍
പുറത്തുനിന്നുള്ള പാര്‍ട്ടിയെന്ന ലേബല്‍ മാറ്റിയെടുക്കാന്‍ ആപിനെ സഹായിച്ച പ്രധാനഘടകമാണ് ഭഗവന്ത് മാന്‍. ഹാസ്യതാരമായിരുന്ന മാന്‍ സാധാരണക്കാരായ പഞ്ചാബികള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാവുന്ന ഒരു മുഖവുമായിരുന്നു. അദ്ദേഹത്തിന്റെ ക്ലീന്‍ ഇമേജും മണ്ണിന്റെ മകനെന്ന 'പദവി'യും ഗുണം ചെയ്തുവെന്ന് പറയേണ്ടതില്ലല്ലോ. മാനിന്റെ അതിസാധാരണ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുകയും ചെയ്തിരുന്നു.
5. കര്‍ഷക പ്രക്ഷോഭവും മാള്‍വയും
പഞ്ചാബിന്റെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിച്ചതില്‍ പ്രധാനഘടകം കര്‍ഷകപ്രക്ഷോഭം തന്നെയായിരുന്നു. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത മണ്ണില്‍ മറ്റുള്ളവരാണ് അതിന്റെ കെടുതി അനുഭവിച്ചതും നേട്ടം കൊയ്തതും. കര്‍ഷക രോഷത്തിന്റെ ആനുകൂല്യം കോണ്‍ഗ്രസിന് കിട്ടിയില്ലെങ്കിലും മറ്റുപരിഗണനകളാല്‍ ആപ് അതിന്റെ ഗുണഭോക്താവായി. കര്‍ഷക സംഘടനായ ബി.കെ.യുവിന് വലിയ സ്വാധീനമുള്ള മാള്‍വ മേഖലയില്‍ ആപിന്റെ തേരോട്ടം ഇത് തെളിയിക്കുന്നു. മാള്‍വയില്‍ മാത്രം 69 സീറ്റുകളാണുള്ളത്.
No comments