തരൂരും സോണിയയും തമ്മില്‍ ഇന്ന് നടന്നത് ചൂടേറിയ ചര്‍ച്ച, കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടിക്കുള്ളിലെ ഭാവി അത്ര ശുഭകരമല്ലെന്ന് സൂചന, ചുവട് മാറ്റത്തിനും സാദ്ധ്യത..
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ശശി തരൂര്‍ എം പിയുടെ ആവശ്യത്തെ സോണിയ ഗാന്ധി എതിര്‍ത്തത് കേരളത്തിലെ കെ സുധാകരന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിജയമായി കാണേണ്ടതാണ്.
അതിലുപരിയായി ദേശീയ തലത്തില്‍ നേതൃമാറ്റമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്ന ശശി തരൂര്‍ ഉള്‍പ്പെടുന്ന ജി 23 നേതാക്കന്മാര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് സോണിയയുടെ ഈ നീക്കം എന്ന് കരുതുന്നവരുമുണ്ട്.
ഏപ്രില്‍ ആറ് മുതല്‍ 10 വരെ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനെ കൂടാതെ കെ വി തോമസ്, മണി ശങ്കര്‍ അയ്യര്‍ എന്നിവരെയും സി പി എം ക്ഷണിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടന്ന ചൂടേറിയ യോഗത്തില്‍ സംസ്ഥാന നേതാക്കന്മാരുടെ വാക്കുകള്‍ അനുസരിക്കാനാണ് ശശി തരൂരിനോട് സോണിയ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതൃത്വം ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ സി പി എമ്മുമായി അടുക്കുന്നത് കോണ്‍ഗ്രസിനെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന ചിത്രമാണ് സോണിയയ്ക്ക് നല്‍കിയത്. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ റെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ എതിര്‍ക്കുമ്ബോള്‍ ശശി തരൂര്‍ മറുവശത്ത് ഇത്തരം പദ്ധതികളെ പിന്തുണയ്ക്കുന്നത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് നേതൃത്വം സോണിയയെ അറിയിച്ചു.
സംസ്ഥാന നേതൃത്വത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയ ശേഷമാണ് സോണിയ തരൂരിന് എതിരായ നിലപാട് എടുത്തത്. ഇതിനു പുറമേ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രിയെ പ്രശംസിച്ച തരൂരിന്റെ നടപടിയും സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിന്ന സൂചന. ഇനി വരുന്ന നാളുകളില്‍ ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ അത്ര സുഖകരമായ ദിനങ്ങളായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് അധിക നാള്‍ തരൂരിന് മോദിയേയും പിണറായിയേയും അനുകൂലിക്കുന്ന നിലപാടുകള്‍ തുടര്‍ച്ചയായി എടുക്കാന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നില്ല. തരൂര്‍ ഭാവിയില്‍ പാര്‍ട്ടി വിടാനുള്ള സാഹചര്യം ഇക്കൂട്ടര്‍ കാണുന്നുണ്ട്.

No comments