Breaking News

മുഖ്യമന്ത്രി തോറ്റതോടെ ഉത്തരാഖണ്ഡിലേക്കൊരു മുഖ്യന്ത്രിയെ തേടി ബി.ജെ.പി..!! തീരുമാനമാകാതെ ചര്‍ച്ചകൾ..

 


മാരത്തണ്‍ ചര്‍​ച്ചക്കൊടുവിലും ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം.

ബിജെപി ദേശീയ നേതാക്കള്‍ ഡല്‍ഹിയില്‍ ഉത്തരാഖണ്ഡ് നേതൃത്വവുമായി ചൊവ്വാഴ്ച മാരത്തണ്‍ ചര്‍ച്ചകളാണ് നടത്തിയത്. എന്നാല്‍, സമവായത്തിലെത്താനായില്ല.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡയും പാര്‍ട്ടി സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരുമായി രണ്ടര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും പ​ങ്കെടുത്തു. പിന്നീട് ധാമിയും ഉത്തരാഖണ്ഡില്‍നിന്നുള്ള ബി.ജെ.പി എം.പി അനില്‍ ബലൂണിയും പാര്‍ലമെന്റില്‍ അമിത് ഷായുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തില്‍ എത്താനായിട്ടില്ല.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ അമിത് ഷായെയും രാജ്‌നാഥ് സിങ്ങിനെയും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട്, നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിങ്, സന്തോഷ്, ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയെങ്കിലും ധാമി തന്റെ മണ്ഡലത്തില്‍ പരാജയപ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. സത്പാല്‍ മഹാരാജ്, അനില്‍ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയപ്പോള്‍ ധാമിക്ക് വീണ്ടും അവസരം നല്‍കണമെന്ന് മറുവിഭാഗം വാദിക്കുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.

No comments