Breaking News

എഎ റഹിം , ചിന്ത ജെറോം..?? രാജ്യസഭാ സീറ്റിലേക്ക് സിപിഎം പരിഗണിക്കുന്നവരില്‍ ഇവര്‍ക്ക് മുന്‍ഗണന..??

 


രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അവകാശപ്പെട്ട രണ്ട് സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്നതില്‍ ഇന്നത്തെ ഇടതുമുന്നണിയോഗത്തില്‍ തീരുമാനമാകും.

ഇന്ന് വൈകിട്ട് നാലിന് എ.കെ.ജി സെന്ററില്‍ ഇടതുമുന്നണി യോഗം ചേരും.

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. ഒന്ന് യു.ഡി.എഫിനും. രണ്ടില്‍ ഒരു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞ സി.പി.എം, രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ വിവിധ കക്ഷികളുടെ അഭിപ്രായമാരായും. രണ്ടും സി.പി.എം ഏറ്റെടുക്കാനും നീക്കമുണ്ട്. രണ്ടു ദിവസം മുമ്ബ് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഒരു സീറ്റിനായി സി.പി.ഐ അവകാശവാദമുയര്‍ത്തിയിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ ഒഴിയുന്നതാണ് ഒരു സീറ്റെന്നിരിക്കെ അവരും അവകാശവാദമുയര്‍ത്തി. എന്‍.സി.പിയും ജനതാദള്‍എസും പുറമേ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

സി.പി.എം പരിഗണിക്കുന്നവരില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം, എ. വിജയരാഘവന്‍, വി.പി. സാനു, ചിന്ത ജെറോം തുടങ്ങിയ പേരുകളൊക്കെ ഉയരുന്നുണ്ട്. രണ്ടും ഏറ്റെടുക്കുകയാണെങ്കില്‍ ഒന്നിലേക്ക് പൊതുസമ്മതരായ ആരെയെങ്കിലും പരിഗണിക്കാനുള്ള ആലോചനകളുമുണ്ട്. അവകാശവാദമുയര്‍ത്തി നില്‍ക്കുന്ന സി.പി.ഐയെ അടക്കം അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരമൊരു നീക്കം. സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ അത് സി.പി.ഐക്ക് നല്‍കാനാണ് സാദ്ധ്യതയേറെ. സി.പി.ഐയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്ന് രാവിലെ ചേരും. സീറ്റില്‍ എന്ത് നിലപാടെന്നതില്‍ എക്സിക്യുട്ടീവ് തീരുമാനമെടുക്കും. യു.ഡി.എഫിന്റെ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും.

ഇന്നലെയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയത്. ഈ മാസം 21 വരെ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ 31ന് നടക്കും.

No comments