കോൺഗ്രസ് അധ്യക്ഷനാവാൻ ഏറ്റവും യോഗ്യൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ട് തന്നെ..!! സച്ചിൻ പൈലറ്റ് ഭരണം അട്ടിമറിക്കാൻ നോക്കിയിട്ടും കുലുങ്ങാത്ത ശക്തി..!! G23 നേതാക്കളെ പോലും അടക്കി നിർത്തി..
ഗാന്ധി കുടുംബത്തിനും ജി 23 സംഘത്തിനുമിടയിലെ മധ്യസ്ഥനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് ദേശീയ നേതൃനിരയില്‍ സജീവമാകുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വിയെത്തുടര്‍ന്ന് ആടിയുലയുന്ന കോണ്‍ഗ്രസില്‍ ഐക്യമുറപ്പിക്കാനുള്ള ദൗത്യമാണു ഗെലോട്ട് ഏറ്റെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃരീതിക്കെതിരെ പ്രവര്‍ത്തക സമിതി യോഗത്തില്‍ കടന്നാക്രമണത്തിനു തയാറെടുത്ത ജി 23 സംഘത്തെ അനുനയിപ്പിച്ചത് ഗെലോട്ടിന്റെ ഇടപെടലാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
മധ്യസ്ഥനായി സോണിയ ഗാന്ധി തന്നെയാണു ഗെലോട്ടിനെ നിയോഗിച്ചതെന്നും സൂചനയുണ്ട്. ഗാന്ധി കുടുംബത്തോടും ജി 23 സംഘത്തോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുന്ന ഗെലോട്ടിന്റെ സ്വീകാര്യത കോണ്‍ഗ്രസ് നേതൃനിരയില്‍ വര്‍ധിക്കുന്നതിന്റെ സൂചന കൂടിയാണ് അദ്ദേഹം നടത്തുന്ന നിര്‍ണായക ഇടപെടലുകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിക്കെതിരെ തുറന്നകത്തെഴുതി രംഗത്തുവന്ന നേതാക്കളുടെ സംഘമാണ് ജി23.
പ്രവര്‍ത്തക സമിതി യോഗത്തിനു മുന്‍പ് ദേശീയ നേതൃത്വത്തിന്റെ ദൂതനായി ജി 23 സംഘത്തിലെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ ബന്ധപ്പെട്ട ഗെലോട്ട്, പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സോണിയയുടെ സന്ദേശം കൈമാറി. സംഘടനാതലത്തില്‍ അഴിച്ചുപണി നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും നല്‍കി. ഇതേത്തുടര്‍ന്നാണ്, പ്രവര്‍ത്തക സമിതിയില്‍ ആസാദും ശര്‍മയും സംയമനം പാലിച്ചതെന്നാണു വിവരം. രാഹുലിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇരുവരില്‍ നിന്നുമുണ്ടായില്ല. രാഹുലിന്റെ രീതികളോട് എതിര്‍പ്പുള്ള ആസാദിനും സംഘത്തിനും സോണിയയില്‍ പൂര്‍ണ വിശ്വാസമാണ്.
അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ സോണിയ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാവുമെന്നും ഗെലോട്ട് ഇവരെ അറിയിച്ചു. രാഹുല്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടപെട്ട സോണിയ, സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു വ്യക്തമാക്കി.
No comments