Breaking News

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഗുലാം നബി ആസാദ്..

 


തിരുത്തല്‍വാദി നേതാക്കളുടെ നേതൃത്വത്തില്‍ അതൃപ്തി പുകയുന്നതിനിടെ ജി-23 സംഘത്തിലെ പ്രമുഖന്‍ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ഇന്നു വൈകീട്ട് അഞ്ചരയോടെയാണ് 10 ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഗുലാം നബി എത്തിയത്. കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്ക് ഒരൊറ്റ പ്രസിഡന്റാണ് ഉള്ളതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ജി-23 നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന വിമതനീക്കങ്ങളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ ഗുലാം നബിയെ കണ്ടതെന്നാണ് കരുതപ്പെടുന്നത്. നേതൃമാറ്റത്തെക്കുറിച്ച്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായതിനാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അത്തരം ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് ഗുലാം നബി ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തി.

നേതൃത്വത്തിന്റെ കാര്യത്തില്‍ നേരത്തെ തീരുമാനമായതാണ്. സോണിയ ഗാന്ധി തുടരണം. നേതൃത്വമല്ല പ്രശ്‌നം. സോണിയ ഗാന്ധി രാജിവയ്ക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. മറ്റു ചില നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുക മാത്രമാണ് കൂടിക്കാഴ്ചയിലുണ്ടായത്-ഗുലാം നബി പറഞ്ഞു.

പ്രവര്‍ത്തക സമിതിക്കിടെ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചതാണെന്നും എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ അടുത്ത പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരൊറ്റ പ്രസിഡന്റുമാണ് ഉള്ളത്. ബാക്കിയുള്ളവരെല്ലാം നേതാക്കന്മാരാണ്-ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

No comments