Breaking News

തൃക്കാക്കരയിലാര്..?? കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകൾ..

 


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ് . പി ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്ത് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് 23ന് തുടക്കമാകുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാമെന്ന കണക്കുകൂട്ടലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്ന പേര് പിടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്‍റേത് തന്നെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കളെല്ലാം കഴിഞ്ഞദിവസങ്ങളില്‍ കൊച്ചിയിലുണ്ടായിരുന്നു. ഇന്നലെ നടന്ന മേഖല യോഗത്തിലും നേതാക്കള്‍ പങ്കെടുത്തിരുന്നു. ആരാകും സ്ഥാനാര്‍ഥി എന്നതില്‍ നേതാക്കള്‍ ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും പ്രഥമ പരിഗണന ഉമ തോമസിന് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉമ തോമസ് പിടിയുടെ പിന്‍ഗാമിയായി മത്സരിക്കുമോ എന്നതില്‍ അവരുടെ തീരുമാനം തന്നെയാണ് നിര്‍ണായകമാവുക.

നേരത്തെ താന്‍ മത്സരിക്കാനില്ലെന്ന് ഉമ തോമസ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം എടുക്കരുതെന്നായിരുന്നു പ്രധാന നേതാക്കളെല്ലാം ഉമ തോമസിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ഉമ തോമസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പി ടി തോമസിന്‍റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഇപ്പോള്‍ നിലപാട് പറയാനാവില്ലെന്നായിരുന്നു താരിഖ് അന്‍വര്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഉമ തോമസ് മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകാതെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അവസാനിക്കാനാണ് സാധ്യത. ഉമ മത്സരിക്കുന്നില്ലെങ്കില്‍ എറണാകുളം ജില്ലയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമുള്ള പല നേതാക്കളും സീറ്റിനായി രംഗത്തെത്താനാണ് സാധ്യത. നേരത്തെ തന്നെ പല പ്രധാന നേതാക്കളുടെയും പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേട്ടിരുന്നു.

കോണ്‍ഗ്രസിന് അനുകൂല സാഹചര്യമുള്ള മണ്ഡലമാണ് എന്നതിനാല്‍ തന്നെ മത്സരമോഹവുമായി കൂടുതല്‍പ്പേര്‍ രംഗത്തെത്തിയേക്കും

മണ്ഡല രൂപീകരണത്തിന് ശേഷം 2011 മുതല്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. 2011ല്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാനെ 22,046 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്. പിന്നീട് 2016ലും 2021ലും പി ടി തോമസിനെയും മണ്ഡലം തെരഞ്ഞെടുത്തു. 2016ല്‍ 11,966 വോട്ടുകളുടെയും 2021ല്‍ 14,329 വോട്ടുകളുടെയും ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് പി ടി തോമസിന് ലഭിച്ചത്.

No comments