രാഹുൽ പറഞ്ഞു.. ഡി.കെ ഗോവയിൽ.. സ്ഥാനാർഥികളിലും കണ്ണ് ; സർക്കാരുണ്ടാക്കണം
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലം രണ്ട് ദിവസങ്ങൾക്ക് അപ്പുറം പ്രഖ്യാപിക്കാനിരിക്കെ സജീവ നീക്കങ്ങളുമായി കോൺഗ്രസും ബിജെപിയും. പുറത്തുവന്ന എക്സിറ്റ് പോൾ പ്രകാരം ഗോവയും ഉത്തരാഖണ്ഡുമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന സംസ്ഥാനങ്ങൾ. പഞ്ചാബിൽ ആം ആദ്മി പാർട്ടി തരംഗമെന്നാണ് ഇപ്പോഴുള്ള പ്രവചനം. ഗോവയിൽ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പിന്നാലെ ജയിച്ച 17 എംഎൽഎമാരിൽ 15 പേരെയും ബിജെപി റാഞ്ചുകയും ചെയ്തിരുന്നു. ഇത്തവണ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഗോവയിൽ ക്യാംപ് ചെയ്ത് തന്ത്രങ്ങളൊരുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതാക്കളും ഡൽഹിയിലെത്തി ചർച്ച നടത്തുന്നുണ്ട്.
കോൺഗ്രസ് സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റിയെന്നും സൂചനകളുണ്ട്. ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ ചെറുകക്ഷികളെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. മറുകണ്ടം ചാടാൻ ഒരു മടിയും ഇല്ലാത്ത ഗോവ കോൺഗ്രസ് നേതാക്കളെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങളും സജീവമാണ്. ബിജെപി ഒഴികെ ആരുമായും കൂട്ടുകെട്ടിൽ ഏർപ്പെടാനും നേതൃത്വം ഒരുക്കമാണ്. ഫലം വരുന്നത് വരെ ഡി.കെ ഗോവയിൽ ക്യാംപ് ചെയ്ത് കോൺഗ്രസിനെ മുന്നോട്ട് നയിക്കും. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദേശങ്ങളും ഡി.കെ ഗോവയുടെ ചുമതല ഏറ്റെടുക്കുന്നതിന് പിന്നിലുണ്ട്. കർണാടകയിലും ഗുജറാത്തിലും അടക്കം കോൺഗ്രസ് എവിടെ പ്രതിസന്ധി നേരിടുമ്പോഴും പാർട്ടി നേതൃത്വം ആശ്രയിക്കുന്ന നേതാവാണ് ഡി.കെ ശിവകുമാർ.
No comments