"ഞങ്ങൾ ബി.ജെ.പിയുടെ 'ബി ടീം' അല്ല"..!! ശിവസേന സഖ്യത്തില്‍ ചേരാന്‍ തയാറെന്ന് ഓവൈസിയുടെ പാർട്ടി..
ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (മജ്ലിസ്) ബി.ജെ.പിയുടെ 'ബി ടീം' അല്ലെന്നു തെളിയിക്കാന്‍ എന്‍.സി.പിയും കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള പാര്‍ട്ടി എം.പി ഇംതിയാസ് ജലീല്‍.
സഖ്യത്തിലായാല്‍ മുച്ചക്ര ശിവസേന സഖ്യ സര്‍ക്കാറിന് നാലു ചക്രമുള്ള കാറായി ബി.ജെ.പിക്കെതിരെ ശക്തിയാര്ജിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് അസദുദ്ദീന്‍ ഉവൈസിയെയും മജ്ലിസിനെയും വേണ്ട, മുസ്ലിം വോട്ട് മാത്രം മതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യത്തിന് തയാറാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും എന്‍.സി.പി നേതാവുമായ രാജേഷ് തോപ്പെയെ ഇംതിയാസ് അറിയിച്ചു.
തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിക്കുന്നത് മജ്ലിസ് കാരണമാണെന്നാണ് പതിവ് ആരോപണം. ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് സഖ്യ സന്നദ്ധത അറിയിച്ചത്. ബി.ജെ.പി രാജ്യത്തിന് താങ്ങാവുന്നതിലേറെ പരിക്കേല്പിച്ചു. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയുമായും സഖ്യത്തിന് ശ്രമിച്ചിരുന്നു- ഇംതിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഔറംഗാബാദില്‍നിന്നുള്ള എം.പിയാണ് മുന്‍ പത്രപ്രവര്‍ത്തകനായ ഇംതിയാസ് ജലീല്‍.
എന്നാല്‍, മജ്ലിസിന്റെ സഖ്യ ക്ഷണം ശിവസേന തള്ളി. ഉമ്മയുടെ നിര്യാണത്തില്‍ ദുഃഖമറിയിക്കാന്‍ ചെന്ന രാജേഷ് തോപ്പെ രാഷ്ട്രീയ ചര്‍ച്ചക്ക് നില്‍ക്കില്ലെന്ന് എന്‍.സി.പി മഹാരാഷ്ട്ര അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
'ജനാബ് ശിവസേന'യെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ശിവസേനയെ പരിഹസിച്ചു.

No comments