'ആ കഥാപാത്രത്തിന് കെവി തോമസ് എന്ന് പേര് കൊടുത്താലും ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല' ; വിമര്‍ശനവുമായി മകൻ..
അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം മികച്ച പ്രതികരണമാണ് നേടുന്നത്.
മമ്മൂട്ടി നായകനായി എത്തിയ ചിത്രം കൊച്ചിയെ പശ്ചാത്തലമാക്കിയുള്ള കഥയാണ്. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപി കെവി തോമസിന്റെ മകന്‍ ബിജു തോമസ്. ദിലീഷ് പോത്തന്‍ അഭിനയിച്ച ടിവി ജെയിംസ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തിയത്. ഇത് കെവി തോമസിനെ ഉദ്ദേശിച്ച് സൃഷ്ടിച്ചതാണ് എന്നായിരുന്നു ബിജുവിന്റെ ആരോപണം. ആ കഥാപാത്രത്തിന് കെവി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ലെന്നു ഫേയ്സ്ബുക്കില്‍ കുറിച്ചു. സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കെവി തോമസും പ്രതികരണവുമായി രംഗത്തെത്തി
ബിജു തോമസിന്റെ കുറിപ്പ് വായിക്കാം
ഭീഷ്‍മ പര്‍വ്വം കണ്ടു. സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. ദിലീഷ് പോത്തന്‍ അഭിനയിച്ച ടി വി ജെയിംസ്. എണ്‍പതുകളിലെ എംപി, മൂന്ന് പ്രാവശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയില്‍ ബ്രീഫ്കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്ബളങ്ങിയില്‍ നിന്നു ഡല്‍ഹിയില്‍ കൊണ്ടുക്കൊടുത്ത് സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.
അമല്‍ നീരദ്, കഥാപാത്രത്തിന് കെവി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല. കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത്. ചാരക്കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്. ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടുള്ള സഹായങ്ങള്‍. ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം ന്യൂജെന്‍കാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതുതലമുറ. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പുകള്‍- കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും കൊച്ചിയില്‍ മെട്രോ വന്നതിലും വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിനു വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു. അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെപ്പോലെ ജീന്‍സും ടീഷര്‍ട്ടും ഇട്ട്, ബസ് സ്റ്റോപ്പും കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്ബുള്ള എംപിയുടെ സാമര്‍ഥ്യം. ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷര്‍ട്ടും തന്നെയാണ് വേഷം. അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇന്നും കെ വി തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.
കെവി തോമസിന്റെ കുറിപ്പ്
ഞാനും കുടുംബവും സിനിമാ സ്നേഹിക്ലാണ്. പണ്ടൊക്കെ ഒരുമിച്ച് theaterഇല്‍ പോയി മിക്കവാറും എല്ലാ സിനിമയും കാണും.
ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി, ഇപ്പോള്‍ ടിവിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്.
എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും theaterഇല്‍ പോയി ഇന്നും കാണാറുണ്ട്.
അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്.
മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, Dileesh പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുംമാണ്.
Amal നീരദിന്റെ ഭീഷ്മ പരവത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!
No comments