Breaking News

'ഏറ്റവും വിശ്വസനീയമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് ഇതുകൊണ്ടാണ്'; മമതാ ബാനര്‍ജിയുടെ വിമര്‍ശനത്തിന് ഉഗ്രൻ മറുപടിയുമായി ശശിതരൂര്‍

 


കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ മമതാ ബാനര്‍ജി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ അദ്ധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി മറുപടി നല്‍കിയിരുന്നു.

ഇപ്പോഴിതാ മമതയുടെ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍ എംപിയും. ഇന്ത്യയിലെ വിവിധ പാര്‍ട്ടികള്‍ക്കുള‌ള എംഎല്‍എമാരുടെ എണ്ണം സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് തരൂര്‍ മമതയുടെ വിമര്‍ശനത്തെ നേരിട്ടത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയ്‌ക്ക് വിവിധ സംസ്ഥാനങ്ങളിലായി 1443 എംഎല്‍എമാരുണ്ട്. രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 753 എംഎല്‍എമാരാണെന്നാണ് തരൂര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്‌റ്റിലുള‌ളത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരാണ് ഇന്ത്യയിലാകെയുള‌ളത്. കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് വിശ്വാസ്യത നഷ്‌ടപ്പെടുകയാണെന്നുമാണ് മമത ആരോപിച്ചത്. വേണമെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഒന്നിച്ച്‌ പോരാടാമെന്നാണ് മമത പറഞ്ഞത്.

മമതയുടെ ആരോപണങ്ങളെ രാജ്യത്തെ ആകെ എംഎല്‍എമാരുടെ എണ്ണം സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി നേരിട്ടത്. ഗോവയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയെ സഹായിച്ചത് മമതയാണെന്നും മമത ബിജെപിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രതിപക്ഷത്തിന്റെ 20 ശതമാനം വോട്ട്‌വിഹിതവും കോണ്‍ഗ്രസിനാണെന്നും മമത ബിജെപിയെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അധീ‌ര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടത്.

No comments