കോണ്‍ഗ്രസില്‍ നിന്ന് ആര് രാജ്യസഭയിലെത്തും..?? തര്‍ക്കം തുടരുന്നു.. എലൽ.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും..
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടുമായി ഇന്നും ചര്‍ച്ച തുടരും.
പല പേരുകളാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത്.എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതിലൊന്നും ധാരണയായിരുന്നില്ല.
എം ലിജുവിനെ ഒപ്പംകൂട്ടിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. വാര്‍ത്ത പുറത്തുവന്ന് അല്പം കഴിഞ്ഞതോടെ ലിജുവിനെതിരെ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തി. അടുത്തകാലത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ ആരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാലും എ ഗ്രൂപ്പും രംഗത്തുവരികയും ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ കെ.മുരളീധരനും ഇതേ നിലപാടായിരുന്നു.
അതിനിടെ ഹൈക്കമാന്‍ഡ് നോമിനിയായി തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ മത്സരിപ്പിക്കാന്‍ ദേശീയതലത്തില്‍ സമ്മര്‍ദമുണ്ടായി. ഇതിനെതിരെ സംസ്ഥാനത്ത് എതിര്‍പ്പ് ശക്തമായതോടെ അക്കാര്യത്തിലും തീരുമാനമായില്ല.
അതേസമയം, എല്‍ ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ സി പി എം പ്രതിനിധി എ.എ.റഹീം, സി പി ഐ പ്രതിനിധി പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 2.30നാകും പത്രിക സമര്‍പ്പിക്കുക.

No comments