Breaking News

തൃശൂര്‍ കോര്‍പറേഷനിലെ അവിശ്വാസം നാളെ..!! കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ്..!! പ്രതികാരം വീട്ടാൻ ബിജെപി..

 


കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ ചര്‍ച്ച ചൊവ്വാഴ്ച.

അവിശ്വാസം പാസാകണമെങ്കില്‍ ബി.ജെ.പി അംഗങ്ങളോ ഇടതുപക്ഷത്ത് നിന്നുള്ള രണ്ട് പേരോ, പിന്തുണക്കേണ്ടതുണ്ട്. എന്നാല്‍, നിലവില്‍ ബി.ജെ.പി ഇക്കാര്യത്തില്‍ പരസ്യമായി നിലപാടെടുക്കാത്തതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്.

അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടത് ഭരണസമിതിയിലെ രണ്ട് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍, ഇടതുപക്ഷത്തുനിന്ന് ആരും അവിശ്വാസത്തെ പിന്തുണക്കാനിടയില്ലെന്നും ഈ പ്രചാരണം ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടെന്ന പ്രചാരണത്തിന് വേണ്ടിയാണെന്നുമാണ് സി.പി.എം പറയുന്നത്.

55 അംഗ ഭരണസമിതിയില്‍ ജനതാദള്‍ പ്രതിനിധി ഷീബ ബാബുവും കോണ്‍ഗ്രസ് വിമതനായ മേയര്‍ എം.കെ. വര്‍ഗീസും സ്വതന്ത്രരായ എം.എല്‍. റോസിയും സി.പി. പോളിയും ഉള്‍പ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോണ്‍ഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.

കോര്‍പറേഷനിലെ ഇടത് ഭരണം 'ട്വിസ്റ്റ്'ആയിരുന്നു. നെട്ടിശ്ശേരിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച്‌ ജയിച്ച എം.കെ. വര്‍ഗീസിനെ ഇടതുമുന്നണി വരുതിയിലാക്കുകയായിരുന്നു. കേവലഭൂരിപക്ഷമില്ലാതിരുന്ന ഇടതുമുന്നണിക്ക് വര്‍ഗീസിലൂടെ അപ്രതീക്ഷിതമായി തുടര്‍ഭരണം ലഭിച്ചു. ഈ ട്വിസ്റ്റ് അവിശ്വാസത്തിലും സംഭവിക്കുമെന്നാണ് ഇടതുമുന്നണി പറയുന്നത്.

തിരുവില്വാമലയില്‍ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസിനൊപ്പം കൂടിയ സി.പി.എമ്മിന് പകരം വീട്ടാന്‍ കിട്ടിയ അവസരമായി അവിശ്വാസത്തെ പിന്തുണക്കണമെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗത്തി‍െന്‍റ അഭിപ്രായം. സുരേഷ്ഗോപിയിലൂടെ കോര്‍പറേഷന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി പങ്കാളിയാണ്.

കേന്ദ്ര ഫണ്ടിനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. അവിശ്വാസത്തെ പിന്തുണച്ച്‌ തിരുവില്വാമലയുടെ പ്രതികാരം വീട്ടുകയും മേയര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുകയും പിന്മാറുകയും ചെയ്യുകയെന്നതാണ് മറ്റൊരു തലത്തില്‍ ആലോചിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് മേയര്‍ക്കെതിരായ അവിശ്വാസവും ഉച്ചക്ക് ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസവും ചര്‍ച്ചക്കെടുക്കും.

No comments