'പാര്‍ലമെന്റില്‍ ഏതൊരു മന്ത്രിയ്‌ക്കും സംസാരിക്കണമെങ്കില്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കാതെ പറ്റില്ല എന്നായി'; വിമര്‍ശനവുമായി ശശി തരൂര്‍ എംപി..
പാര്‍ലമെന്റിലെ മന്ത്രിമാരുടെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി.
ഒരു കാര്യം അധികാരത്തിലുളള മന്ത്രിയ്‌ക്ക് പറയാനാണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യ മറ്റൊരു വടക്കന്‍ കൊറിയയായി മാറുകയാണെന്ന് സംശയിക്കുന്നതായാണ് ശശി തരൂര്‍ അഭിപ്രായപ്പെടുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തെ നവീകരിക്കണമെന്നും രാജ്യത്തെ മറ്റ് വിഷയങ്ങളില്‍ ക്രിയാത്മക പ്രതികരണവുമായി ശശി തരൂര്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. ഇതിനൊപ്പം സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെയും കെ.വി തോമസിനെയും ക്ഷണിച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. തന്നെ ആരും വിലക്കിയിട്ടില്ലെന്നും പാര്‍ട്ടിക്കൊപ്പമാണ് താനെന്നുമായിരുന്നു ഇതിന് തരൂരിന്റെ മറുപടി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചതും തരൂര്‍ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്‌തിരുന്നു.
ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:
ഈ പാര്‍ലമെന്റ് സെഷനില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ഈ സര്‍ക്കാരിലെ ഏതൊരു മന്ത്രിക്കും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കാതെ പറ്റില്ല എന്നായി മാറിയിട്ടുണ്ട്. അധികാരസ്ഥാനത്തുള്ളവര്‍ക്ക് സ്തുതി പാടുന്ന കാര്യത്തില്‍ നമ്മള്‍ മറ്റൊരു വടക്കന്‍ കൊറിയയായി രൂപാന്തരം പ്രാപിക്കുന്നുണ്ടോ എന്നൊരു സംശയം!

No comments