Breaking News

'മര്യാദ വേണം, കുടുംബത്ത് കേറി കളിക്കരുത്' ; ബിജെപിയോട് താക്കറെ.. കേന്ദ്രത്തിന് മുന്നറിയിപ്പ്..

 


ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരത്തിലെത്തണമെങ്കില്‍ അതിനുവേണ്ടിയാണ് പ്രയത്‌നിക്കേണ്ടതെന്നും എതിരാളികളെ ഓരോരുത്തരേയായി ജയിലിലടയ്ക്കുകയല്ല ചെയ്യേണ്ടതെന്നും താക്കറെ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ താക്കറെയുടെ ഭാര്യാ സഹോദരന്റെ 6.45 കോടി രൂപയുടെ ആസ്തി മരവിപ്പിച്ചുകൊണ്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നാലെയാണ് ബിജെപിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി രംഗത്തെത്തിയത്.

'നിങ്ങള്‍ക്ക് അധികാരത്തില്‍ വരണമെങ്കില്‍ അതിനു വേണ്ടി പരിശ്രമിക്കു. മറിച്ച്‌ നീചമായ കാര്യങ്ങളല്ല ചെയ്യേണ്ടത്. ഞങ്ങളുടെയോ മറ്റുള്ളവരുടെയോ കുടുംബാംഗങ്ങളെ ഉപദ്രവിക്കാന്‍ നോക്കരുത്. നിങ്ങളുടെ കുടുംബാംഗങ്ങളെ ഞങ്ങള്‍ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. അധികാരത്തില്‍ വരാന്‍ ആരെയെങ്കിലും ജയിലിലടക്കണമെങ്കില്‍ എന്നെ ജയിലിലടക്കൂ', ഉദ്ധവ് താക്കറെ പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, സഹപ്രവര്‍ത്തകന്‍ അനില്‍ പരബ് എന്നിവരുമായി അടുപ്പമുള്ളവരില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. രാഷ്ട്രീയ എതിരാളികളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും താക്കറെ ആരോപിച്ചു. ലക്ഷ്യമിടുന്നതിന്റെ കേന്ദ്രത്തില്‍.

കേന്ദ്രത്തിന് വേണ്ടി ദേശീയ അന്വേഷണ ഏജന്‍സികള്‍ നേതാക്കളെ വേട്ടയാടുന്ന പ്രവണതയാണ് കാണ്ടുവരുന്നത്. അതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതെന്നുമാണ് ആരോപണം. ഒളിവില്‍പ്പോയ അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മാസം അവസാനമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാല് വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നേരത്തെ എന്‍സിപി നേതാവ് ശരദ് പവാറിനെയും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ നവംബറില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം കേസുകള്‍ എന്ന വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള നേതാക്കളെയും അവരുടെ കുടുംബങ്ങളെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവസേനയുടെ സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.

No comments