Breaking News

തടഞ്ഞ് നിർത്തി.. ഗോവയില്‍ വിമത നീക്കം അതിജീവിച്ച്‌ കോണ്‍ഗ്രസ്..

 


പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയുടെയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെയും നേതൃത്വത്തിലുള്ള വിമത നീക്കം തടഞ്ഞ് ഗോവയില്‍ കോണ്‍ഗ്രസ് പിളര്‍പ്പ് ഒഴിവാക്കി.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് ലോബോയെയും കാമത്തിനെയും അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് സ്‌പീക്കര്‍ രമേശ് താവ്‌ഡാക്കര്‍ക്ക് കത്തു നല്‍കി. ലോബോയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തിരുന്നു.

കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ കുറഞ്ഞത് എട്ടുപേരെ പിളര്‍ത്താന്‍ ലോബോയും കാമത്തും ശ്രമിച്ചെന്നാണ് സൂചന. എന്നാല്‍, അഞ്ച് എം.എല്‍.എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത് കണക്കുകൂട്ടല്‍ തെറ്റിച്ചു. ബി.ജെ.പിയിലേക്ക് പോയെന്ന് കരുതിയ ലോബോ, കാമത്ത്, കേദാര്‍ നായിക്, രാജേഷ് ഫല്‍ദേശായ്‌, ഡെലിയാ ലോബ തുടങ്ങിയവര്‍ ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ ഹാജരായിരുന്നു.

ലോബോയും കാമത്തും മൂന്ന് എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് വിമത നീക്കമുണ്ടെന്ന അഭ്യൂഹം പരന്നത്. ഇതോടെ കോണ്‍ഗ്രസ് ലോബോയെയും കാമത്തിനെയും തള്ളിപ്പറഞ്ഞു. തങ്ങളെ തെറ്റിദ്ധരിച്ചെന്നാണ് ഇരുവരും നല്‍കുന്ന വിശദീകരണം. തന്റെ മണ്ഡലത്തിലെ പ്രളയക്കെടുതി ബോദ്ധ്യപ്പെടുത്താനാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ഗോവയില്‍ പോയതുകൊണ്ടാണ് പി.സി.സി വിളിച്ച പത്രസമ്മേളനത്തില്‍ ഹാജരാകാതിരുന്നത്. നേതൃത്വം അപമാനിച്ചതില്‍ വേദനയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിനെ കണ്ട ശേഷം കാമത്ത് പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അയച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഗോവയിലെത്തി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി.

No comments