എം.എല്‍.എമാരുടെ കൂറുമാറ്റം ചടുല നീക്കത്തിലൂടെ കോണ്‍ഗ്രസ് പൊളിച്ചു.
ഗോവയില്‍ സ്വന്തം എം.എല്‍.എമാരുടെ കൂറുമാറ്റം ചടുല നീക്കത്തിലൂടെ കോണ്‍ഗ്രസ് പൊളിച്ചു.
40 അംഗ ഗോവ നിയമസഭയില്‍ 11 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ എട്ടു പേര് കൂറുമാറിയാലേ കൂറുമാറ്റനിരോധന നിയമം ബാധകമാകാതിരിക്കൂ.
അതിനുള്ള ബി.ജെ.പി നീക്കമാണ് കോണ്‍ഗ്രസിന് തല്‍ക്കാലത്തേക്ക് തടയാനായത്. മൈക്കേല്‍ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂറുമാറ്റ നീക്കം. എന്നാല്‍, കൂറുമാറ്റത്തിന് വേണ്ട മൂന്നില്‍ രണ്ട് അംഗങ്ങളെ അവര്‍ക്ക് സംഘടിപ്പിക്കാനായില്ല. വിമതര്‍ക്ക് താക്കീതെന്നോണം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മൈക്കേല്‍ ലോബോയെ കോണ്‍ഗ്രസ് നീക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ മൈക്കിള്‍ ലോബോ ഉള്‍പ്പെടെ പത്തു പേരും പങ്കെടുത്തു. രണ്ടു മണിക്കൂറിലധികം നീണ്ട യോഗത്തിന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എത്തിയില്ല. കോണ്‍ഗ്രസ് ഗോവ ഡെസ്ക് ഇന്‍ചാര്‍ജ് ദിനേശ് ഗുണ്ടു റാവു, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പട്കര്‍ എന്നിവരും യോഗത്തിനെത്തി. ചിലര്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അത് നിയമസഭാംഗങ്ങള്‍ ഇല്ലാതാക്കിയെന്നും വാസ്നിക് അവകാശപ്പെട്ടു.
സഭയില്‍ സജീവമായി പ്രവര്‍ത്തിക്കാനും തീരദേശത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയതായി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ കാമത്തും ലോബോയും ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അജ്ഞാതകേന്ദ്രത്തിലായിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഗോവ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പങ്കെടുത്ത് തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അവകാശപ്പെട്ടു.ലോബോയും കാമത്തും ബി.ജെ.പിയുമായി ഗൂഢാലോചന നടത്തി പിളര്‍പ്പുണ്ടാക്കാന്‍ നീക്കം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴ്ച റാവു വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പട്കര്‍ തിങ്കളാഴ്ച സ്പീക്കര്‍ രമേഷ് തവാദ്കറിന് കാമത്തിനും ലോബോക്കുമെതിരെ അയോഗ്യത ഹരജി നല്‍കിയിരുന്നു. അയോഗ്യത വരുമെന്ന ഭീതിയാണ് എം.എല്‍.എമാരെ പിന്തിരിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
അയോഗ്യതാ ഹരജി പിന്‍വലിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ്. അതിനിടെ, ഗോവ കോണ്‍ഗ്രസിലെ കലാപവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. നിയമസഭ സമ്മേളനത്തിന് എത്തിയ അദ്ദേഹം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മടങ്ങി.

No comments