പാക് കസ്റ്റഡിയിലുള്ള വ്യോമസേനയുടെ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി : കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ. പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് ആരാജ്യം ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ചതിലുള്ള പ്രതിഷേധവും പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.
പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാതെ പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. നേരത്തേ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടിരുന്നു.

No comments