Breaking News

കെ മുരളീധരന്റെ സ്ഥാനാർഥിത്വം: പോരാട്ടം ജയരാജനാണെങ്കിലും വിനയായത് പി.കെ.ശ്രീമതിക്ക്.. രണ്ട് സീറ്റിലും തോൽവി ഭയന്ന്‌ ഇടത് മുന്നണി

വടകരയിൽ കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തോടെ പോരാട്ടം കടുത്തതു പി.ജയരാജനാണെങ്കിലും വിനയാവുന്നതു പി.കെ.ശ്രീമതിക്ക്.
കണ്ണൂർ മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട സംഘടനാ സംവിധാനത്തിൽ നല്ലൊരു പങ്ക് വടകരയിലേക്കു പ്രവർത്തനം മാറ്റിയതാണു ശ്രീമതിയുടെ പ്രചാരണത്തെ ബാധിച്ചത്.

പി.ജയരാജനോടു കൂറുള്ളവരാണു കണ്ണൂരിലെ പാർട്ടി ഘടകങ്ങളിലേറെയും. കണ്ണൂർ മണ്ഡലത്തിലാകും പി.ജയരാജൻ സ്ഥാനാർഥിയാവുകയെന്നു നല്ലൊരു വിഭാഗം പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു.
ജയരാജൻ വടകരയിലായതോടെ ഇവരിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വടകരയിലേക്കു തട്ടകം മാറ്റി. വടകര മണ്ഡലത്തിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും മാത്രമാണുള്ളത്.
എന്നാൽ കണ്ണൂരിലെ മറ്റു ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ വടകരയിൽ പ്രചാരണത്തിനിറങ്ങുന്നുണ്ട്. ചെറുപ്പക്കാരാണു കൂടുതൽ. ജയരാജനോടുള്ള വ്യക്തിപരമായ ആരാധന ഇതിൽ ഒരു ഘടകമാണ്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ജയരാജനു മുൻതൂക്കമുണ്ടായിരുന്നെങ്കിൽ കെ.മുരളീധരൻ അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയതോടെ വിജയസാധ്യത മാറിമറിഞ്ഞു.
കടുത്ത മത്സരം നേരിടുമെന്നുറപ്പായതോടെ കൂടുതൽ പ്രവർത്തകരും നേതാക്കളും കണ്ണൂരിൽ നിന്നു വടകരയിലെത്തി. 2 വർഷത്തോളം ജില്ലയിലെ സംഘടനാ സംവിധാനത്തിൽ നിന്ന് അകന്നു നിന്നതിന്റെ അപരിചിതത്വമുണ്ട് പുതിയ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്.
ഇതിനെ മറികടക്കാൻ മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനാണു ശ്രീമതിയുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പ്രചാരണരംഗത്തു സംഘടനാപരമായി പിഴവുണ്ടാകരുതെന്ന കർശന നിർദേശം താഴേത്തട്ടിലേക്കു നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ  അയച്ചാണു സ്ക്വാഡ് വർക്ക് ഉൾപ്പെടെ നടത്തുന്നത്.

No comments