Breaking News

പ്രചരണം കൊഴുപ്പിക്കാന്‍ കണ്ണൂരില്‍ പ്രിയങ്കാഗാന്ധി: കളി ഇനി വേറെ ലെവലിലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും തൊട്ടപ്പുറമുള്ള കണ്ണൂരില്‍ ആവേശത്തിന് കുറവൊന്നുമില്ല.
വൈകിയെങ്കിലും കെ സുധാകരന്‍ സ്ഥാനാര്‍ഥിയായതോടെ ആദ്യത്തെ അമാന്തം പിന്നീട് അതിവേഗമുള്ള പ്രവര്‍ത്തനങ്ങളില്‍ മറികടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കണ്ണൂരും വടകരയിലും അതിശക്തമായ പിന്‍തുണയാണ് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനു നല്‍കുന്നത്.

പ്രവാസികളെ നാട്ടിലെത്തിച്ചു പരമാവധി വോട്ടു പോള്‍ ചെയ്യാന്‍ ലീഗ് പ്രവാസി സംഘടനയായ കെ. എംസിസി തീവ്രയത്‌നം നടത്തിവരികയാണ്.

ആദ്യ ഘട്ടത്തില്‍ കുടുംബയോഗങ്ങളിലും വീടുകയറിയുള്ള പ്രചരണങ്ങളിലും തെരഞ്ഞെടുപ്പു പൊതുയോഗങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന യുഡിഎഫ് രണ്ടാംഘട്ടത്തില്‍ പ്രചരണത്തിന്റെ ഗിയര്‍മാറ്റാനൊരുങ്ങുകയാണ്.
കോണ്‍ഗ്രസിന്റെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കാഗാന്ധിയെ കണ്ണൂരിലിറക്കാനാണ് നീക്കം.
എ ഐസിസി നിര്‍വാഹക സമിതിയംഗം കെസി വേണുഗോപാലുമായി ഈക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്കയുടെ ഉത്തരേന്ത്യയിലെ പര്യടനം കഴിഞ്ഞാല്‍ കണ്ണൂരിലേക്കു വരുമെന്ന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് അതിശക്തമായ മത്സരം നടക്കുന്ന കണ്ണൂര്‍, വടകര മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂരില്‍ കണ്ണൂര്‍ മുതല്‍ തലശ്ശേരിവരെയാണ് പ്രിയങ്ക റോഡുഷോ നടത്തുക.
ഇവരോടൊപ്പം സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെയും പ്രതീക്ഷിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴിയാണ്പ്രിയങ്കയെത്തുക.
കോണ്‍ഗ്രസ് രക്തസാക്ഷി ശുഹൈബിന്റെ കുടുംബാംഗങ്ങളെയും ഇവര്‍ സന്ദര്‍ശിച്ചേക്കും. പ്രിയങ്കയെ കൂടാതെ നടി കുശ്ബു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ നേതാക്കളെയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ എല്‍ഡിഎഫിന്റെ രണ്ടു പ്രമുഖ നേതാക്കള്‍ ഇതിനകം തന്നെ കണ്ണൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിപോയി കഴിഞ്ഞു.
പ്രകാശ് കരാട്ടും വൃന്ദാകാരാട്ടുമാണ് ഇതിനകം പര്യടനം നടത്തിയത്.
രണ്ടാംഘട്ടത്തില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് പ്രതീക്ഷിക്കുന്നത്. കനയ്യകുമാര്‍, ശബാനഹാഷ്മി തുടങ്ങിയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കണ്ണൂരില്‍ പ്രചരണത്തിനിറങ്ങിയേക്കും.

No comments