Breaking News

മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്ത്


കാക്കനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണം. മദ്യവും പണവും ആയുധവും നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്ത്. രാത്രിയും പകലും വാഹനങ്ങള്‍ പരിശോധിക്കും. 50,000 രൂപയില്‍ കൂടുതല്‍ കൈവശം കണ്ടാല്‍ പിടിച്ചെടുക്കും. കൂടുതല്‍ പണം സൂക്ഷിക്കുന്നവര്‍ കൃത്യമായ രേഖ കരുതണം. നിയമപരമായ ഇടപാടുകളും സ്രോതസുകളും ബോധ്യപ്പെടുത്താനാകുന്ന രേഖകള്‍ വേണം കൈവശം കരുതാന്‍.

ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന പണം അതത് ദിവസം തന്നെ ട്രഷറിയില്‍ അടക്കാനാണ് നിര്‍ദേശം. ജില്ലാ ഫൈനാന്‍സ് ഓഫിസര്‍ക്കും ലോക്കല്‍ ഫണ്ട് ഓഫിസര്‍ക്കുമാണ് നിരീക്ഷണ സ്‌ക്വാഡുകളുടെ ചുമതല.

ഒരു വ്യക്തിയുടെ കൈവശം മൂന്നു ലീറ്ററില്‍ കൂടുതല്‍ മദ്യം സൂക്ഷിക്കാന്‍ പാടില്ല. കുറഞ്ഞ അളവിലാണെങ്കിലും സൂക്ഷിക്കുന്ന മദ്യത്തിന് ബില്ല് നിര്‍ബന്ധമാണ്. വാഹനത്തില്‍ മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനം ഉള്‍പ്പെടെ പിടിച്ചെടുക്കും.

തിരഞ്ഞെടുപ്പ് പ്രമാണിച്ചു കൂടുതല്‍ എക്‌സൈസ് സ്‌ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂം തുറന്നു. ഡപ്യൂട്ടി കമ്മിഷണര്‍ കെ.ചന്ദ്രപാലനാണ് ചുമതല. ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും കൊണ്ടു നടക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈസന്‍സുള്ള ആയുധങ്ങളാണെങ്കില്‍ പോലും വോട്ടെണ്ണല്‍ കഴിയും വരെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനാണ് നിര്‍ദേശം. ജില്ലാതല സ്‌ക്രീനിങ് സമിതി അംഗീകാരം നല്‍കുന്നവര്‍ക്കു മാത്രമേ വോട്ടെണ്ണല്‍ വരെ ആയുധം കൈവശം സൂക്ഷിക്കാന്‍ അനുമതിയുള്ളു. എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് നിരീക്ഷണ ചുമതല.

No comments