മരണം 50 കടന്നിട്ടും മന്ത്രിസഭ വികസിപ്പിക്കാനാവാതെ ബിജെപി..!! തലവേദനയായി സിന്ധ്യ..!! വേണ്ടത് 10 മന്ത്രി സ്ഥാനം..!! ഉപ തെരഞ്ഞെുപ്പിൽ പ്രതീക്ഷയോടെ കോൺഗ്രസ്..!!
കൊവിഡ് പ്രതിസന്ധിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മധ്യപ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
എന്നാൽ കൊവിഡിനെക്കാൾ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്.
കമൽനാഥിന്റെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിൽ ഏറിയെങ്കിലും ഇതുവരെ സംസ്ഥാനത്ത് മന്ത്രിസഭാ വികസനം നടത്തിയിട്ടില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിലും ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാത്ത ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് കാട്ടുതീ പോലെ പടരുന്നതിനിടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് സർക്കാരിലെ 22 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു.
മാർച്ച് 23 ന് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറി. എന്നാൽ അന്ന് മുതൽ ചൗഹാന്റെ ഒറ്റയാൾ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ദിവസുവെന്നോണം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 648 കഴിഞ്ഞു.
50 പേരാണ് വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത്. ആരോഗ്യ വകുപ്പിലേയും പോലീസ് വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർക്ക് പോലും കൊവിഡ് പിടിപെട്ടിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ 32 ഓളം ഉദ്യോഗസ്ഥർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പല്ലവി ജെയ്ൻ ഗോവിൽ , ഹെൽത്ത് സർവ്വീസ് ഡയറക്ടർ വിജയകുമാർ എന്നിവർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിൽ പോലും സംസ്ഥാനത്ത് ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി കമൽനാഥ് സർക്കാരിനെതിരെ വിഷയത്തിൽ രംഗത്തെത്തിയിരുന്നു. സർക്കാർ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും കമൽനാഥ് ആരോപിച്ചിരുന്നു.
ഇതിനിടെ സംസ്ഥാനത്ത് ഭരണ സ്തംഭനം ആണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തു. ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
വിമർശനങ്ങൾ ശക്തമായതോടെ തിങ്കളാഴ്ച വൈകീട്ട് സർക്കാർ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കൊവിഡ് പ്രതിസന്ധിയാണ് മന്ത്രിസഭാ വികസനം വൈകാൻ കാരണമായതെന്ന് മുഖ്യമന്ത്രി ചൗഹാൻ മാധ്യമങ്ങൾക്ക് മുന്നിൽ തിങ്കളാഴ്ച ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുതിയ മന്ത്രിസഭയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.
എന്നാൽ മന്ത്രിസഭയക്ക് പകരം 11 അംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
കൊവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടേയും ഏകോപനവും നടത്തിപ്പും ഈ കമ്മിറ്റിയ്ക്ക് ആയിരിക്കുമെന്ന് ചൗഹാൻ അറിയിച്ചു.
ബിജെപി സെക്രട്ടറി സുഹാസ് ഭഗത്, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, മുൻ പ്രതിപക്ഷ നേതാവും മന്ത്രിയുമായ ഗോപാൽ ഭാർഗവ, മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ്, മുൻ മന്ത്രിമാരായ നരോത്തം മിശ്ര, രാജേന്ദ്ര ശുക്ല, മീന സിംദ്, ജഗദീശ് ദേവ്ദ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
അതേസമയം ബിജെപിയിൽ ഉടലെടുത്ത ഭിന്നതയാണ് മന്ത്രിസഭ വികസനത്തിന് തടസം എന്നാണ് റിപ്പോർട്ടുകൾ.
വിമത സ്വരങ്ങൾ ശക്തമായതോടെയാണ് കേന്ദ്ര നേതൃത്വം പുതിയ മന്ത്രിസഭ സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാത്തതെന്നും ചില ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദി വീക്ക് റിപ്പോർട്ട് ചെയ്തു.
10 മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നാണ് ജ്യോതിരാധിത്യ സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കമൽനാഥ് സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.
ഇവർക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി നേതാക്കൾ തയ്യാറാല്ല.
33 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആകുക. ഇതിൽ കൂറുമാറിയെത്തിവർക്ക് കൂടുതൽ പരിഗണന നൽകിയാൽ അത് വലിയ പൊട്ടിത്തെറികൾക്ക് തന്നെ വഴിവെയ്ക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
മാത്രമല്ല പല മുതിർന്ന നേതാക്കളും ഇതിനോടകം മന്ത്രിസ്ഥാനത്തിനായി ചരടുവലികൾ ബിജെപിയിൽ ശക്തമാക്കിയിട്ടുണ്ട്.
മന്ത്രിസ്ഥാനത്ത് നിന്ന് തഴയപ്പെട്ടാൽ ചില മുതിർന്ന നേതാക്കൾ ബിജെപിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്തരം ഒരു രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുന്നത് ബിജെപിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും.
അതിനിടെ കമൽനാഥ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന തുൾസി റാമിനെ ടാസ്ക് ഫോഴ്സിൽ അംഗമാക്കിയ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
കൊവിഡ് പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിരിക്കുമ്പോൾ സർക്കാരിനെ അട്ടിമറിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിഞ്ഞ ആളാണ് തുൾസിയെന്ന് കോൺഗ്രസ് മാധ്യമ വക്താവ് നരേന്ദ്ര സലുജ കുറ്റപ്പെടുത്തി. ഇത് മാത്രം മതി എത്ര ഗൗരവത്തോടെയാണ് ബിജെപി വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാനെന്നും സുലജ പറഞ്ഞു.



























No comments