''പുകഞ്ഞ കൊള്ളി പുറത്ത്''..!! പൈലറ്റിനെ പുറത്താക്കി..!! കടുത്ത നടപടിയെടുത്ത് കോൺഗ്രസ്..!! രാജസ്ഥാനിൽ തിരക്കിട്ട നീക്കങ്ങൾ..
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. ഇന്ന് കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭ കക്ഷി യോഗം ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബഹിഷ്കരിച്ചിരുന്നു. സച്ചിനൊപ്പമുള്ള 18 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വതിന് അവസാനം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസ് വീണ്ടും നിയമസഭ കക്ഷിയോഗം വിളിച്ച് ചേർത്തത്.
എന്നാൽ തനിക്കൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ പുറത്തുവിട്ട് കൊണ്ടായിരുന്നു സച്ചിൻ കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചത്. ഇതോടെ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
സച്ചിൻ പൈലറ്റുമായി ഇന്നലെ അർധരാത്രി വൈകിയും കോൺഗ്രസ് ഹൈക്കമാന്റ് സമവായ ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാവ് പി ചിദംബരവുമെല്ലാം സച്ചിനോട് കോൺഗ്രസ് വിടരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സച്ചിന് വീണ്ടും അവസരം നൽകാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇന്ന് വീണ്ടും നിയമസഭ കക്ഷി യോഗം വിളിച്ചത്.
എന്നാൽ വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ ഹരിയാനയിലെ റിസോർട്ടിൽ 18 എംഎൽഎമാർക്കൊപ്പമാണ് സച്ചിൻ തുടരുന്നതെന്നാണ് റിപ്പോർട്ട്. സച്ചിനൊപ്പം ഉണ്ടായിരുന്ന മന്ത്രിമാരായ വിശ്വേന്ദ്ര സിംഗ്, രമേശ് ചന്ദ് മീണ എന്നിവർ ഉൾപ്പെടായണ് യോഗത്തിൽ നിന്നും വിട്ട് നിന്നത്. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് പൈലറ്റ്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് പിന്നിൽ സച്ചിൻ പൈലറ്റ് നിർണായക പങ്കാണ് വഹിച്ചത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ മറികടന്ന് കൊണ്ടായിരുന്നു മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയത്. അന്ന് മുതൽ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായിരുന്നു.
മുഖ്യമന്ത്രിപദം എന്ന ആവശ്യത്തിന് തയ്യാറായില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവില്ലെന്നാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സച്ചിനെ മുഖ്യമന്ത്രിയാക്കിയാൽ അത് സംസ്ഥാന കോൺഗ്രസിൽ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്ന ഭയം ഹൈക്കമാന്റിന് ഉണ്ട്.
അതേസമയം ഇന്നത്തെ യോഗത്തിൽ നിന്നും വിട്ട് നിന്ന് സച്ചിൻ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ട്. പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എംഎല്‍എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കും. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
സച്ചിൻ പൈലറ്റും എംഎൽഎമാരും പാർട്ടി വിട്ടാലും കോൺഗ്രസ് സർക്കാരിന് ഭീഷണിയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 200 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. 102 പേർ നിലവിൽ തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് 107 എംഎൽഎമാാരാണ് ഉള്ളത്.
13 സ്വതന്ത്രരുടെയും അഞ്ച് പ്രാദേശിക പാർട്ടിയൽ നിന്നുള്ള എംഎൽഎമാരുടേയും പിന്തുണയോടെയാണ് സർക്കാർ ഭരിക്കുന്നത്. 17 പേർ സച്ചിനൊപ്പം പോയാലും തങ്ങൾക്കൊപ്പം 90 എംഎൽഎമാർ ഉണ്ടെന്നും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ഭരണം പൂർത്തിയാക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നത്.
അതിനിടെ രാജസ്ഥാനിലെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ഇന്നലെ അറിയിച്ചു. രണ്ട് എംഎല്‍എമാരാണ് ബിടിഎസിന് രാജസ്ഥാനില്‍ ഉളളത്. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരികയാണ് എങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.

No comments