Breaking News

കോണ്‍ഗ്രസിലും കുഞ്ഞാലിക്കുട്ടി മോഡല്‍..?? എം പിമാര്‍ക്ക് താത്പര്യം..!! നേതൃത്വത്തിന് എതിര്‍പ്പ്..


തിരുവനന്തപുരം : കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ യു ഡി എഫ് അണികള്‍ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിലേക്കാണ്. കുഞ്ഞാലിക്കുട്ടി മോഡല്‍ കോണ്‍ഗ്രസിലും ആവര്‍ത്തിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അസംതൃപ്‌തിയോടെ എം പി പദവി വഹിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. എന്നാല്‍ അവരില്‍ മൂന്ന് നേതാക്കള്‍ തങ്ങളുടെ ആഗ്രഹം ഒളിഞ്ഞും തെളിഞ്ഞും ഇതിനോടകം പലരോടുമായി പങ്കുവച്ചിട്ടുണ്ട്.


ബി ജെ പിയുടെ അപ്രമാദിത്വത്തില്‍ ഡല്‍ഹിയില്‍ കാര്യമായ റോള്‍ ഏറ്റെടുക്കാന്‍ കേരളത്തില്‍ നിന്ന് പോയ കോണ്‍ഗ്രസ് എം പിമാര്‍ക്ക് ആയിട്ടില്ല.


ദേശീയ തലത്തില്‍ പാര്‍ട്ടി നേരിടുന്ന ക്ഷീണം എം പിമാരുടെ മനസ് മടുപ്പിച്ചിട്ടുണ്ട്. കൊവിഡ് കൂടി വന്നതോടെ എം പി ഫണ്ട് സര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. ഇതിനോടൊപ്പം പാര്‍ലമെന്റ് പോലും ചേരാനാകാത്ത സ്ഥിതിവിശേഷമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യു പി എ സര്‍ക്കാര്‍ വരുമെന്ന് മോഹിച്ച്‌ പോയ നേതാക്കള്‍ക്ക് ഇനി സംസ്ഥാന രാഷ്ട്രീയമല്ലാതെ മറ്റ് വഴികളില്ല.


എം പിയായി തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന സുധാകരനെ സംസ്ഥാന നേതൃത്വം നിര്‍ബന്ധിച്ചാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത്.


മുല്ലപ്പളളിക്ക് പകരം നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വടകരയില്‍ മത്സരിച്ച കെ മുരളീധരനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും അദ്ദേഹം പ്രചാരണത്തിനിറങ്ങുകയും ചെയ്‌തു.


കെ മുരളീധരനും സുധാകരനും നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്ലക്‌സ് ബോര്‍ഡുകളും ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്. അണികള്‍ക്കിടയിലും സംസ്ഥാന കോണ്‍ഗ്രസില്‍ ഇരു നേതാക്കളും സജീവമാകണമെന്ന വികാരമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ക്രൗഡ് പുളളറാണ് ഇരു നേതാക്കളും.


നേരത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുളള മുരളീധരന്റെ താത്‌പര്യം നേതൃത്വം ചെവികൊണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. മുരളീധരനും സുധാകരനും പുറമെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മറ്റൊരു നേതാവ് അടൂര്‍ പ്രകാശാണ്. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുന്ന ഏത് ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്നും അങ്ങോട്ട് ചെന്ന് ഒന്നും ആവശ്യപ്പെടില്ലെന്നുമായിരുന്നു അടൂര്‍ പ്രകാശ്  പറഞ്ഞത്.


നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിമാര്‍ ആകാന്‍ സാദ്ധ്യതയുളള നേതാക്കളാണ് മൂന്നുപേരും. മന്ത്രികസേര കളഞ്ഞ് ഡല്‍ഹിയില്‍ ഇരിക്കാന്‍ ഇവരാരും താത്പര്യപ്പെടുന്നില്ല. അതേസമയം, എം പിമാര്‍ രാജിവയ്‌ക്കുന്നതിനോട് കെ പി സി സിയുടെ അതേ നിലപാടാണ് ഹൈക്കമാന്‍ഡിന്. പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടാല്‍ അത് കോണ്‍ഗ്രസിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. സംസ്ഥാനത്തെ ജനവികാരം പാര്‍ട്ടിക്ക് എതിരാകുമെന്ന നിലപാടാണ് കെ പി സി സി അദ്ധ്യക്ഷന് ഉള്‍പ്പടെയുളളത്. എന്തായാലും ലീഗിന്റെ അതേ തന്ത്രം കോണ്‍ഗ്രസും പയറ്റുമോയെന്ന് കണ്ടറിയാം.

No comments