ഇന്ത്യക്ക് ത്യാഗത്തിന്റെ വിജയം
സിഡ്നി : നേരത്തേ സൂര്യനുദിക്കുന്ന സിഡ്നിയില്‍ നിന്നും ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയുടെ വാര്‍ത്ത പ്രതീക്ഷിച്ച് ഉറങ്ങാന്‍ കിടന്നവരായിരുന്നു ഏറെപ്പേരും. കംഗാരുക്കളാകട്ടെ, എല്ലാം നേരത്തേ തീര്‍ത്ത് മടങ്ങാനുള്ള തയ്യാറെടുപ്പിലും. ഗ്രൗണ്ടും ഗാലറിയും സാഹചര്യവുമെല്ലാം എതിരെ അണിനിരന്നിട്ടും മനസ്സാന്നിധ്യം കൊണ്ട് അവയെയെല്ലാം വകഞ്ഞുമാറ്റിയ ഇന്ത്യയുടെ വീരഗാഥക്ക് വെളിച്ചം പകര്‍ന്നാണ് സിഡ്നിയില്‍ സൂര്യന്‍ പസഫിക്കില്‍ താഴ്ന്നത്.
ഗാലറിയില്‍ നിന്നുംകേട്ട അധിക്ഷേപങ്ങള്‍, ഓസീസിന്‍റെ പ്രകോപനങ്ങള്‍, സമ്മര്‍ദത്തിന്‍റെ ചൂേടറ്റി തുളച്ചുകയറുന്ന ആസ്ട്രേലിയന്‍ പേസര്‍മാരുടെ പന്തുകള്‍, ആത്മവിശ്വാസത്തെ തരിപ്പണമാക്കാന്‍പോന്ന പരിക്കുകള്‍ ...ഇന്ത്യക്ക് തോല്‍ക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു.

No comments