Breaking News

പുതുച്ചേരി സര്‍ക്കാരിന് നാളെ അഗ്നിപരീക്ഷ..!! നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി നാരായണസ്വാമി..!! ബിജെപിക്ക് ആകെ ഉള്ളത് കേന്ദ്രത്തിന്റെ 3 നോമിനേറ്റഡ് എംഎല്‍എമാർ മാത്രം.. ആ പ്രതീക്ഷയിൽ കോൺഗ്രസ്..


 പുതുച്ചേരി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഇന്ന് കോണ്‍ഗ്രസിലെയും ഡി.എം.കെയിലെയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും മറ്റ് മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ച നടത്തുകയും തിങ്കളാഴ്ച നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. നാളെ സഭയില്‍ തങ്ങളുടെ തന്ത്രം വെളിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


33 അംഗ പുതുച്ചേരി നിയമസഭയില്‍ മൂന്നുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. നാമനിര്‍ദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ മൂന്ന് എംഎല്‍എമാര്‍ വോട്ട് ചെയ്യുമോ എന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.


പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി.സാമിനാഥന്‍, കെ.ജി.ശങ്കര്‍, എസ്. സെല്‍വഗണപതി എന്നിവരാണ് നാമനിര്‍ദേശത്തിലൂടെ എംഎല്‍എമാരായത്.



നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് നാരായണസ്വാമിയുടെയും സംഘത്തിന്റെയും വാദം. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്‌ അയോഗ്യരാക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് വാദം. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുന്ന ലഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്റെ ഉത്തരവില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എമാരെ ബിജെപി എംഎല്‍എമാരായാണ് പ്രതിപാദിച്ചിരിക്കുന്നത്.


നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എമാര്‍ ഉള്‍പ്പെടെ 14 പേര്‍ പ്രതിപക്ഷത്തിനുമുണ്ട്. 28 സീറ്റുകളില്‍ 15 സീറ്റുകള്‍ എങ്കിലും നേടിയാല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിക്കൂ. നോമിനേറ്റഡ് എംഎല്‍എമാര്‍ വോട്ട് ചെയ്താല്‍ സര്‍ക്കാര്‍ താഴെ വീഴും. എന്നാല്‍ ഇവരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്‌ അയോഗ്യരാക്കിയാല്‍ മുഖ്യമന്ത്രി വി. നാരായണസാമിക്കു ഭരണം നിലനിര്‍ത്താം.


കോണ്‍ഗ്രസ്-ഡി.എം.കെ. എം.എല്‍.എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡി.എം.കെ. സര്‍ക്കാര്‍ ന്യൂനപക്ഷമായതും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയതും. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പിന്നാലെ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന്‌ പുതുച്ചേരിയുടെ അധിക ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

No comments